Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ ഭീഷണി; അധികഡോസ് വാക്സീൻ തീരുമാനം ലോകാരോഗ്യ സംഘടന നിർദ്ദേശമനുസരിച്ച്

വിഷയം പരിശോധിക്കാൻ ലോകാരോഗ്യ സംഘടന ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിൽ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോർട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 

omicron government will decide on the overdose vaccine in the country as per the recommendations of the world health organization
Author
Delhi, First Published Dec 7, 2021, 9:48 AM IST

ദില്ലി: ഒമിക്രോൺ ഭീഷണിയുടെ (Omicron) പശ്ചാത്തലത്തിൽ രാജ്യത്ത് അധികഡോസ് വാക്സീൻ (Booster dose)  നൽകുന്നതിലെ  തീരുമാനം ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രസർക്കാർ‌ വ്യക്തമാക്കി. വിഷയം പരിശോധിക്കാൻ ലോകാരോഗ്യ സംഘടന ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിൽ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോർട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കുട്ടികളുടെ വാക്സിനേഷനിലെ മാർഗനിർദ്ദേശം വൈകാതെ പുറത്തിറക്കിയേക്കും. 

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്ന അവസ്ഥയാണ്. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി. 

ഒമിക്രോൺ വ്യാപനം തീവ്രമായാൽ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്. 

മഹാരാഷ്ട്രയിൽ മാത്രം 10 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ  സുഹൃത്ത് അമേരിക്കയിൽ നിന്നെത്തിയ 37 കാരനുമാണ് ഏറ്റവുമൊടുവിലായി ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര പരിശോധന വർധിപ്പിച്ചതിനൊപ്പം ആർടിപിസിആർ ടെസ്റ്റ് നിരക്കും കുറച്ചു .ലാബുകളിൽ ടെസ്റ്റ് നിരക്ക് 500 ൽ നിന്ന് 350 രൂപയാക്കി. വീടുകളിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നതിന് ഇനി 700  രൂപ മതിയാകും. വിമാനത്താവളത്തിലെ ആർടിപിസിആർ ടെസ്റ്റിന്‍റെ നിരക്കും കുറച്ചു. 


 

Follow Us:
Download App:
  • android
  • ios