ബൂസ്റ്റർ ഡോസിനുള്ള അപേക്ഷകൾക്ക് കേന്ദ്രം അംഗീകാരം നൽകിയില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ടും ബയോ ഇ യും അടക്കം നല്കിയ അപേക്ഷകൾ കേന്ദ്രം നിരസിച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് (Covid 19) വകഭേദമായ ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. 236 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 104 പേർക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. തമിഴ്നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 34 ആയി ഉയർന്നു. ചെന്നൈയിലാണ് കൂടുതൽ പേർക്കും രോഗം. 26 രോഗികളാണ് ചെന്നൈയിൽ മാത്രമുള്ളത്. രോഗികളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. രാജ്യത്ത് കൊവിഡ് വാക്സീൻ സ്വീകരിക്കാൻ അർഹരായ ജനസംഖ്യയിൽ അറുപത് ശതമാനത്തിന് രണ്ട് ഡോസ് വാക്സീനും നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Scroll to load tweet…

അതേ സമയം, കൊവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസിനുള്ള അപേക്ഷകൾക്ക് കേന്ദ്രം അംഗീകാരം നൽകിയില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ടും ബയോ ഇ യും അടക്കം നല്കിയ അപേക്ഷകൾ കേന്ദ്രം നിരസിച്ചു. കൂടുതൽ വിവരങ്ങൾ നൽകണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചു. ബയോ- ഇയുടെ കൊർബ് വാക്സീനും അംഗീകാരമില്ല. 

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം 

രാജ്യത്തെ ഒമിക്രോണ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തിൽ ഒമിക്രോൺ വ്യാപന തോതും, പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യും. കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇന്ന് ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ ദില്ലിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും.