ലഖ്നൗ: വിവാഹ പാർട്ടിക്കിടെ പാട്ട് വച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഏറ്റുമുട്ടി വരന്റെയും വധുവിന്റെയും വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അശോക്പൂരില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ വരന്റെ അമ്മാവന്‍ കൊലപ്പെടുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫിര്‍തു നിഷാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. പാട്ട് തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു.വധുവിന്റെ വീട്ടില്‍ നടത്തിയ ദ്വാര്‍ പൂജയ്ക്കിടെ ഡിജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത് ഇരു കുടുംബക്കാരും തമ്മിലുള്ള വാക്കുതർക്കത്തിന് ഇടയാക്കി. തർക്കം പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫിര്‍തു നിഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ വിവാഹം മുടങ്ങിയതായി പൊലീസ് പറഞ്ഞു.