ജാർഖണ്ഡിലെ ചൈ ബാസയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്

ദില്ലി: ജാർഖണ്ഡിലെ ചൈ ബാസയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടം. വനമേഖലയിലേക്ക് പോയ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സായുധപോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ മാവോയിസ്റ്റുകൾ സമയം തേടിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കീഴടങ്ങാൻ മൂന്ന് മാസത്തെ സാവകാശം തേടി നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ മാവോയിസ്റ്റ് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്ത് നൽകുകയായിരുന്നു. മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് പ്രത്യേക മേഖലാ കമ്മിറ്റിയുടേ പേരിലാണ് കത്ത് പുറത്തുവന്നത്.

രാജ്യത്തെ ഏറ്റവും വലിയ നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ പ്രത്യേക മേഖലാ കമ്മിറ്റിയാണ് കീഴടങ്ങാൻ സമവായമാവശ്യപ്പെട്ട് കത്ത് നൽകിയത്. കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുമാണ് സംഘടന കത്ത് നൽകിയത്. മാവോയിസ്റ്റ് വേട്ട താൽക്കാലികമായി നിർത്തിവയ്ക്കണം. കീഴടങ്ങാൻ 2026 ഫെബ്രുവരി 15 വരെ സമയം വേണം എന്നിവയാണ് കത്തിലെ ആവശ്യങ്ങൾ. സംഘടനയിലെ മറ്റ് അംഗങ്ങളുമായും മറ്റു ഘടകങ്ങളുമായും കീഴടങ്ങലിനെ കുറിച്ച് ചർച്ച നടത്താൻ വേണ്ടിയാണ് മൂന്നു മാസത്തെ സമയം ആവശ്യപ്പെടുന്നത്. പ്രത്യേക മേഖല വക്താവ് ആനന്തിന്റെ പേരിലാണ് കഴിഞ്ഞദിവസം കത്ത് പുറത്തുവന്നത്. 2026 മാർച്ച് 31 ഓടെ ഇന്ത്യയിൽ നിന്ന് മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളും സുരക്ഷാസേന ശക്തമാക്കിയിരുന്നു. ഇതിനിടെ മാവോയിസ്റ്റ് കമാൻ്റർ മാധ്വി ഹിദ്മ കൊല്ലപ്പെട്ടത്. മുതിർന്ന കമാൻഡർമാരടക്കം കൊല്ലപ്പെടുന്നതും, സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതും, നൂറു കണക്കിനും മാവോയിസ്റ്റുകൾ മുഖ്യധാരയിലേക്ക് വരാൻ തുടങ്ങിയതുമാണ് സംഘടനയെ ഇത്തരം ഒരു തീരുമാനമെടുക്കാൻ സമ്മർദ്ദത്തിലാക്കിയത്. കേന്ദ്രസർക്കാരുമായുള്ള അനുയായി നീക്കത്തിന്‍റെ ഭാഗമായി ഡിസംബർ രണ്ടിന് സംഘടനയുടെ വാർഷിക ആഘോഷങ്ങൾ നടത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മാവോയിസ്റ്റ് സംഘടനയുടെ കത്തിനെക്കുറിച്ച് കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.

YouTube video player