'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ സാധിക്കുമെന്ന് പാർലമെന്ററി സംയുക്ത സമിതി അധ്യക്ഷൻ പി പി ചൗധരി. 99 ശതമാനം ആളുകളും ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് 7 ലക്ഷം കോടി രൂപ ലാഭിക്കുമെന്നും സമിതി വിലയിരുത്തുന്നു. 

ദില്ലി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ സാധിച്ചേക്കുമെന്ന് പാർലമെന്ററി സംയുക്ത സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി പി ചൗധരി. ബില്ലുമായി ബന്ധപ്പെട്ട് ഗോവ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സമിതി സന്ദർശനം നടത്തി. 99 ശതമാനത്തോളം ആളുകളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായാണ് സമിതിയുടെ വിലയിരുത്തൽ. അടിക്കടി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകൾ കാരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 7 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയാൽ ഈ വൻ തുക ലാഭിക്കാൻ സാധിക്കുമെന്ന് പി.പി. ചൗധരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ നൽകേണ്ടി വരുന്നത് സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായ ഒരു പൊതുസംവിധാനം വികസിപ്പിച്ചെടുക്കാനാണ് പാർലമെന്ററി സമിതി ശ്രമിക്കുന്നത്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്‌കരണമെന്നും പി.പി. ചൗധരി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ഇന്ത്യ സഖ്യം ശക്തമായി എതിർത്തിരുന്നു.