മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള നാഗാ ഭൂരിപക്ഷ മേഖലയായ കംജോഗ് ജില്ലയിലെ കുകി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.

ഗുവാഹത്തി: മണിപ്പൂരിൽ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള നാഗാ ഭൂരിപക്ഷ മേഖലയായ കംജോഗ് ജില്ലയിലെ കുകി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. 35കാരനായ ഷേയ്ഹോഹാവോ ഹാവോകിപ് എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഗ്രാമത്തലവനും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്. ചസ്സദ് ഗ്രാമത്തലവൻ, ഫുങ്താ ഗ്രാമത്തലവൻ, ചസ്സദ് വില്ലേജ് അതോറിറ്റി സെക്രട്ടറി, വില്ലേജ് അതോറിറ്റി അംഗം എന്നിവർക്കാണ് പരിക്കേറ്റത്.

തനിച്ച് കഴിയുന്ന വ്യക്തിയായതിനാൽ നേരത്തെ 35കാരൻ ഗ്രാമത്തിൽ നിന്ന് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടേണ്ട അവസ്ഥയും വന്നിരുന്നു. പരിക്കേറ്റവരെ അസം റൈഫിൾസ് സൈനികരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ വിമതരുടെ ആക്രമണത്തിലാണ് 35കാരൻ കൊല്ലപ്പെട്ടതെന്നാണ് കുകി വിഭാഗത്തിലുള്ളവർ അവകാശപ്പെടുന്നത്.

വൈദ്യുതി ലൈനുകളിലെ തകരാറുകൾ 35കാരൻ പരിഹരിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് കുകികൾ ആരോപിക്കുന്നത്. കാങ്പോക്പി, കാങ്ജോങ് ജില്ലകളിൽ ഈ വർഷം ഫെബ്രുവരി മുതൽ അക്രമങ്ങൾ രൂക്ഷമായി തുടരുകയാണ്. ഒക്ടോബർ 9, 10 തീയതികളിൽ കാങ്ജോങ്, കാങ്പോക്പി, ഉഖ്റുൽ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം