Asianet News MalayalamAsianet News Malayalam

'അഞ്ച് ലക്ഷം തട്ടി, പീഡനക്കേസ് ഭീഷണി': ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ ബിജെപി അംഗം

അഞ്ച് ലക്ഷം രൂപ തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗിക പീഡന പരാതി ഉന്നയിക്കുമെന്ന് ചൈത്ര കുന്ദാപുര തന്നെ ഭീഷണിപ്പെടുത്തിയതായി ബിജെപി അംഗം പരാതി നല്‍കി. പൊലീസ് കേസെടുത്തു.

one more cheating case against Hindutva activist Chaitra Kundapura SSM
Author
First Published Sep 20, 2023, 8:17 AM IST | Last Updated Sep 20, 2023, 8:22 AM IST

മംഗളൂരു: ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിജെപി അംഗത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നിലവില്‍ ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സിസിബി) കസ്റ്റഡിയിലാണ് ചൈത്ര കുന്ദാപുരയുള്ളത്.

ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ചൈത്ര പണം വാങ്ങി എന്നാണ് പരാതി. ഉഡുപ്പി സ്വദേശിയായ 33കാരനായ സുധീന പൂജാരിയാണ് പരാതി നല്‍കിയത്.  2015ൽ ‘ഗോ രക്ഷാ സംഗമ’ത്തിനിടെയാണ് താൻ കുന്ദാപുരയെ ആദ്യമായി കാണുന്നതെന്ന് സുധീന പറഞ്ഞു. ടെക്സ്റ്റൈല്‍ ഷോപ്പ് തുടങ്ങാന്‍ ചൈത്ര തന്നെ പ്രോത്സാഹിപ്പിച്ചെന്ന് സുധീന പൂജാരി പറയുന്നു.

മത്സ്യബന്ധനത്തിലൂടെയും മറ്റും ആവശ്യമായ പണം താന്‍ സ്വരൂപിച്ചു. ചൈത്രയ്ക്ക് രണ്ട് ലക്ഷം രൂപ നേരിട്ട് നല്‍കി. മൂന്ന് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാല്‍ താന്‍ ആന്ധ്രയില്‍ ജോലി ചെയ്യുന്ന കാലത്ത് ചൈത്രയുടെ പേരില്‍ ഷോപ്പ് രജിസ്റ്റര്‍ ചെയ്ത് വഞ്ചിച്ചെന്നാണ് സുധീന ഉഡുപ്പിയിലെ കോട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.  

അഞ്ച് ലക്ഷം രൂപ തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗിക പീഡന പരാതി ഉന്നയിക്കുമെന്ന് ചൈത്ര തന്നെ ഭീഷണിപ്പെടുത്തിയതായി ബിജെപി അംഗം ആരോപിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506 (ഭീഷണിപ്പെടുത്തൽ), 417 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ചൈത്രക്കെതിരെ കോട്ട പൊലീസ് കേസെടുത്തത്.

ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി തട്ടിയെന്ന കേസില്‍ അറസ്റ്റ്

2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബൈന്ദൂർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ചൈത്ര കുന്ദാപുരയും മറ്റ് ആറ് പേരും ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു. 10 ദിവസത്തേക്ക് ചൈത്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഉഡുപ്പിയില്‍ നിന്നാണ് ചൈത്രയെ അറസ്റ്റ് ചെയ്തത്.

ചെഫ്റ്റാക് നൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമയാണ് തട്ടിപ്പിനിരയായ ഗോവിന്ദ ബാബു പൂജാരി. ബിജെപി പ്രവര്‍ത്തകനായ പ്രസാദ് ബൈന്ദൂര്‍ ആണ് 2022ല്‍ ചൈത്രയെ പരിചയപ്പെടുത്തിയതെന്ന് വ്യവസായി പറഞ്ഞു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ സീറ്റ് നല്‍കാമെന്നും വിജയം ഉറപ്പാണെന്നും ചൈത്ര പറഞ്ഞു. ബിജെപി യുവ മോര്‍ച്ച ജനറല്‍ സെക്രട്ടറി ഗഗന്‍ കടൂറിനെ ഇതിനായി ചൈത്ര പരിചയപ്പെടുത്തുകയും ചെയ്തു. 2022 ജൂലൈ 4നായിരുന്നു ഇത്.

ഗഗന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിശ്വനാഥ് ജി എന്ന് പറഞ്ഞ് ഒരാളെ ഗോവിന്ദ ബാബു പൂജാരിക്ക് പരിചയപ്പെടുത്തി. വിശ്വനാഥ് ജിക്ക് ജൂലൈ 7ന് 50 ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി. ഇതിന് പിന്നാലെ ചൈത്ര കേസിലെ മൂന്നാം പ്രതിയായ അഭിനവ ഹലശ്രീ സ്വാമിയെ പരിചയപ്പെടുത്തുകയും 1.5 കോടി രൂപ ഹോസ്പേട്ടില്‍ വച്ച് കൈമാറുകയും ചെയ്തു. ഒക്ടോബറില്‍ കേസിലെ അഞ്ചാം പ്രതിയായ നായികിനെ പരിചയപ്പെടുത്തി. ബെംഗളുരുവിലെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമാണ് നായിക് എന്നാണ് ചൈത്ര വിശദമാക്കിയത്. സീറ്റ് ഉറപ്പാണെന്ന് വ്യക്തമാക്കിയതോടെ ഗോവിന്ദ ബാബു പൂജാരി മൂന്ന് കോടി രൂപ കൈമാറി. 2022 ഒക്ടോബര്‍ 29നായിരുന്നു ഇത്. മാര്‍ച്ച് 8 ന് വിശ്വനാഥ് ജി ശ്വാസ തടസം മൂലം മരിച്ചതായി ചൈത്ര ഗോവിന്ദ ബാബു പൂജാരിയെ അറിയിച്ചു.

ഇതോടെ വിശ്വനാഥ് ജിയെക്കുറിച്ച് ഗോവിന്ദ ബാബു പൂജാരി അന്വേഷിച്ചു. ഇങ്ങനെയൊരു വ്യക്തിയില്ലെന്ന് ഗോവിന്ദ ബാബു പൂജാരിക്ക് വ്യക്തമായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ചൈത്രയുടെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പും ആള്‍ മാറാട്ടത്തിലുമാണ് പണം നഷ്ടമായതെന്ന് വ്യക്തമായത്. ഇതോടെ ഗോവിന്ദ ബാബു പൂജാരി പൊലീസ് സഹായം തേടുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios