മുംബൈ: മുംബൈയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 150 ആയി. നാല് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 കടന്നു. പ്രദേശത്ത് ബാരിക്കേഡുകൾ തീ‍ർത്ത് കവചമൊരുക്കുകയാണ് പൊലീസ്. 

മഹാമാരി കൂടുതൽ നാശം വിതക്കുന്ന മഹാരാഷ്ട്രയിൽ വെറും അഞ്ച് ദിവസം കൊണ്ടാണ് കൊവിഡ് രോ​ഗികളുടെ എണ്ണം ആയിരത്തിൽ നിന്ന് രണ്ടായിരത്തിലേക്ക് കടന്നത്. സംസ്ഥാനത്ത് മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്സുമാരെ ക്വാറൻ്റെൻ ചെയ്തു.

നേരത്തെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണംഅഞ്ചായി ആയി. ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ താജ് ഹോട്ടലിലെ അഞ്ച് ജീവനക്കാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താനെയിൽ പൊലിസ് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 100ഓളം പൊലീസുകാരെ ക്വറന്‍റൈൻ ചെയ്തു.