ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. രാവിലെ കുനോ ഉദ്യാനത്തിൽ ചത്ത നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഭോപ്പാൽ: നമീബിയയിൽ നിന്നും എത്തിച്ച ചീറ്റ പ്രസവിച്ച 4 കുഞ്ഞുങ്ങളിൽ ഒരെണ്ണം ചത്തു. ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. രാവിലെ കുനോ ഉദ്യാനത്തിൽ ചത്ത നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിർജലീകരണം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 70 വർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ചത്തത്.
രണ്ടാഴ്ച്ച മുമ്പ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തിരുന്നു. ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ചീറ്റയുടെ മരണ കാരണമായി പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. ആ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്.
കഴിഞ്ഞ മാസം ഉദയ് എന്ന ചീറ്റ കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തിരുന്നു. അതിന് മുന്നത്തെ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയും ചത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.
