ഔദ്യോഗിക നാമമില്ലെങ്കിലും ഈ റെയിൽവേ സ്റ്റേഷൻ പൂർണമായും പ്രവർത്തനസജ്ജമാണ്. 

കൊൽക്കത്ത: ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള 7,300ലധികം റെയിൽവേ സ്റ്റേഷനുകളിൽ ഒരേയൊരു റെയിൽവേ സ്റ്റേഷൻ മാത്രം ബാക്കിയുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. പേരില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് ഈ റെയിൽവേ സ്റ്റേഷന്റെ സവിശേഷത. ഔദ്യോഗിക നാമം ഇല്ലെങ്കിലും പശ്ചിമ ബം​ഗാളിലെ ഈ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. 

ബങ്കുര-മസാഗ്രാം റെയിൽവേ ലൈനിലെ റെയ്‌ന, റെയ്‌നഗർ ഗ്രാമങ്ങൾക്കിടയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സ്റ്റേഷൻ നിലനിൽക്കുന്ന പ്രദേശത്തിൻ്റെ അധികാരപരിധിയെ ചൊല്ലി രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള തർക്കമാണ് റെയിൽവേ സ്റ്റേഷന് പേരില്ലാതാകാൻ കാരണമായത്. പ്ലാറ്റ്‌ഫോമിൻ്റെ ഇരുവശത്തുമുള്ള മഞ്ഞ നിറത്തിലുള്ള ശൂന്യമായ സൈൻ ബോർഡ് രണ്ട് ഗ്രാമങ്ങളിലെ നാട്ടുകാർ തമ്മിലുള്ള തർക്കത്തിന്റെ 
നേർസാക്ഷ്യമാണ്. ബങ്കുര-മസാഗ്രാം റൂട്ടിൽ സ‍ർവീസ് നടത്തുന്ന ട്രെയിൻ മാത്രമാണ് ഈ റെയിൽവേ സ്റ്റേഷനിൽ നി‍ർത്തുക. 

ഒരാഴ്ചയിൽ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സ്റ്റേഷനിൽ ട്രെയിൻ നിർത്തും. ദിവസേന ആറ് തവണയാണ് ഇവിടെ ട്രെയിൻ നിർത്തുക. ഞായറാഴ്ചകളിൽ സ്റ്റേഷനിൽ വിൽപ്പനയ്‌ക്കായി പുതിയ ടിക്കറ്റുകൾ എടുക്കാൻ സ്റ്റേഷൻ മാസ്റ്റർ ബർദ്‌വാൻ ടൗണിലേക്ക് പോകുമെന്നതാണ് രസകരമായ മറ്റൊരു കാര്യം. ടിക്കറ്റുകളിൽ സ്റ്റേഷൻ്റെ പഴയ പേരായ റയ്നാഗർ എന്നാണ് രേഖപ്പെടുത്തുന്നതെന്ന് സ്റ്റേഷൻ മാസ്റ്റർ നബകുമാർ നന്ദി പറഞ്ഞു. ആദ്യം റയ്നാഗർ എന്നായിരുന്നു ഈ റെയിൽവേ സ്റ്റേഷൻ്റെ പേര്. എന്നാൽ സ്റ്റേഷൻ്റെ പേര് മാറ്റണമെന്ന് നാട്ടുകാർ റെയിൽവേ ബോർഡിന് ഔദ്യോഗികമായി പരാതി നൽകി. അന്ന് മുതൽ ഈ സ്റ്റേഷൻ പേരില്ലാതെയാണ് പ്രവർത്തിക്കുന്നത്. റെയിൽവേയുടെ തീരുമാനത്തെ നാട്ടുകാർ കോടതിയിൽ ചോദ്യം ചെയ്തതിനാൽ സ്റ്റേഷൻ്റെ പേരിടൽ നടപടി സബ് ജുഡീഷ്യൽ ആയി തുടരുകയാണെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. 

READ MORE: ജമ്മു കശ്മീരിന് സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ; ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിലൂടെ ട്രയൽ റൺ