Asianet News MalayalamAsianet News Malayalam

ഉള്ളിയെ ചൊല്ലി സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്; രണ്ട് കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

പച്ചക്കറിക്കടക്കാരനോട് വില പേശി നിന്ന യുവതിയെ അയൽവാസി പരിഹസിച്ചതാണ് തർക്കത്തിന് കാരണം

ഇരുവരും തമ്മിലുള്ള തർക്കം കേട്ടുവന്ന കുടുംബാംഗങ്ങളും അടിയിൽ പങ്കുചേർന്നതോടെ സംഭവം കൂട്ടത്തല്ലായി

onion lead to fight UP five women wounded arrested
Author
Amroha, First Published Oct 11, 2019, 3:13 PM IST

അമ്രോഹ: ഉള്ളി അരിയുമ്പോൾ കരയാതിരിക്കാൻ പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണ് ഏറെയും. അരിയുമ്പോൾ മാത്രമല്ല, വില കേട്ടാലും കരയിക്കുന്ന നിലയിലെത്തിയിട്ടുണ്ട് ഇപ്പോൾ ഉള്ളിയുടെ കാര്യം. എന്നുവെച്ച് ഉള്ളി വാങ്ങാതിരിക്കാനാവില്ലല്ലോ? ഉള്ളി വാങ്ങാൻ കാശില്ലാത്തവൾ എന്നത് കൊടിയ ദാരിദ്ര്യം സൂചിപ്പിക്കുന്ന നിലയിലായോ എന്ന സംശയമാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ വാർത്ത ഉയർത്തുന്നത്. അത്തരമൊരു പരിഹാസം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിലും, എല്ലാവരുടെയും അറസ്റ്റിലുമാണ് കലാശിച്ചിരിക്കുന്നത്.

അമ്രോഹ ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാവിലെ കലഖേരി ഗ്രാമത്തിലെത്തിയ പച്ചക്കറി കച്ചവടക്കാരനോട് ഉള്ളിയുടെ വില പറഞ്ഞ് തർക്കിക്കുകയായിരുന്നു നേഹയെന്ന യുവതി. ഈ സമയത്താണ് അയൽവാസിയായ ദീപ്‌തി ഇവിടേക്ക് വന്നത്. ഉള്ളി വിലയിൽ കച്ചവടക്കാരനും നേഹയും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച ദീപ്‌തി ആഞ്ഞൊന്ന് കുത്തി. നേഹയുടെ പക്കൽ ഉള്ളി വാങ്ങാനുള്ള കാശില്ലെന്നും അവളോട് തർക്കിച്ച് സമയം കളയേണ്ടതില്ല എന്നുമായിരുന്നു ദീപ്‌തി പറഞ്ഞത്. 

ഉള്ളിയുടെ തീപിടിച്ച വില കേട്ട് ആകെ കലിതുള്ളി നിന്ന നേഹയുടെ രോഷം ഒന്നുകൂടി ഇരട്ടിച്ചു. ദീപ്‌തിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച നേഹയുടെ വായിൽ നിന്ന് അസഭ്യവർഷം തന്നെയാണ് പിന്നീടുണ്ടായത്. ദീപ്തിയും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഇവർ തമ്മിലുള്ള തർക്കം മുറുകി. ഇത് പിടിവലിയിലേക്കും കൈയ്യാങ്കളിയിലേക്കും എത്തി.

ഈ സമയത്താണ് ശബ്ദം കേട്ട് ഇരുവരുടെയും കുടുംബാംഗങ്ങളായ മൂന്ന് സ്ത്രീകൾ കൂടി സംഭവസ്ഥലത്തേക്ക് എത്തിയത്. ഇവരും പക്ഷം ചേർന്ന് പോരടിച്ചതോടെ ഇവിടം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും അഞ്ച് പേരും തമ്മിൽത്തല്ലി പരിക്കേറ്റ് അവശരായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ച പൊലീസ് എല്ലാവർക്കും ചികിത്സ ഉറപ്പാക്കി. പിന്നീട് അഞ്ച് പേർക്കുമെതിരെ അടിപിടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം രാജ്യത്താകമാനം ഉള്ളിവില കുതിച്ചുയരുകയാണ്. നാസികിൽ ഇന്നലെ ഉയർന്ന മൊത്തവ്യാപാര വില ക്വിന്റലിന് 3806 രൂപയായിരുന്നു. വരും ദിവസങ്ങളിലും ഉള്ളിവില ഉയർന്ന് തന്നെ നിൽക്കുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

Follow Us:
Download App:
  • android
  • ios