ബൈക്കുകൾ ടാക്സിയായി ഓടിക്കാനും അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാനുള്ള അധികാരം അതാത് സർക്കാറുകൾക്കാണ്.
ദില്ലി: ഓൺലൈൻ ടാക്സി നിരക്ക് കൂടാൻ വഴിയൊരുക്കി പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. തിരക്ക് കൂടുന്ന മണിക്കൂറുകളിൽ അടിസ്ഥാന നിരക്കിന്റെ രണ്ടിരട്ടി വരെ ഈടാക്കാൻ കമ്പനികൾക്ക് അധികാരം നൽകുന്നതാണ് പുതുതായി അംഗീകരിച്ച മോട്ടോർ വെഹിക്കൾ അഗ്രഗേറ്റർ ഗൈഡ് ലൈൻസ്. ബൈക്കുകൾ ടാക്സിയായി ഓടിക്കാനും അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാനുള്ള അധികാരം അതാത് സർക്കാറുകൾക്കാണ്.
ഓൺലൈൻ ടാക്സി കമ്പനികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ. ഓൺലൈൻ ടാക്സികൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഓഫീസ് സമയത്ത് അടിസ്ഥാന നിരക്കിന്റെ രണ്ടിരട്ടി വരെ ചാർജ് ഈടാക്കാമെന്നതാണ് പുതിയ വ്യവസ്ഥ. നേരത്തെ ഇത് ഒന്നര ഇരട്ടിവരെ വർദ്ധിപ്പാക്കാനായിരുന്നു വ്യവസ്ഥ. 3 കിലോമീറ്റർ വരെയുള്ള യാത്രക്ക് അധിക നിരക്ക് പാടില്ല. തിരക്കു കുറവുള്ള മണിക്കൂറുകളിൽ പരമാവധി അടിസ്ഥാന നിരക്കിന്റെ പകുതി വരെ മാത്രമേ ഡിസ്കൗണ്ട് പാടുള്ളൂ. ഒരു ട്രിപ്പിന്റെ 80 ശതമാനമെങ്കിലും നിർബന്ധമായും ഡ്രൈവർമാർക്ക് കൈമാറണം. ഡ്രൈവർമാരോ ഉപഭോക്താക്കളോ വ്യക്തമായ കാരണങ്ങളാലല്ലാതെ യാത്ര റദ്ദാക്കുകയാണെങ്കിൽ നിരക്കിന്റെ പത്ത് ശതമാനം വരെ മാത്രമേ പിഴയായി ഈടാക്കാൻ പാടുള്ളൂ. ഇത് പരമാവധി നൂറ് രൂപയിൽ കൂടരുതെന്നും വ്യവസ്ഥയിലുണ്ട്.
യാത്രക്കാരന് കുറഞ്ഞത് 5 ലക്ഷം രൂപയുടെയങ്കിലും ഇൻഷൂറൻസ് പരിരക്ഷ കമ്പനികൾ ഉറപ്പാക്കണം. ഊബർ, ഓല പോലുള്ള കമ്പനികൾക്ക് ബൈക്കുകൾ ടാക്സിയായി ഓടിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിലും അടിസ്ഥാന നിരക്കടക്കം നിശ്ചയിക്കുന്നതിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്കാണ്. അടിസ്ഥാന നിരക്ക് പൊതുവായി നിശ്ചയിച്ചിട്ടില്ലെങ്കിൽ കമ്പനികൾ അവരുടെ നിരക്ക് അതാത് സംസ്ഥാനങ്ങളിലെ സർക്കാറുകളെ അറിയിച്ച് അനുമതി വാങ്ങണം. പുതിയ മോട്ടോർ വെഹിക്കൾ അഗ്രഗേറ്റർ ഗൈഡ്ലൈൻസ് 2025 മൂന്ന് മാസത്തിനകം സംസ്ഥാനങ്ങൾ അംഗീകരിക്കണം.


