ദില്ലി: എന്‍ഐഎ, യുഎപിഎ ഭേദഗതി ബില്ലുകളെ എതിര്‍ത്ത് പാര്‍ലമെന്‍റില്‍ വോട്ട് ചെയ്തത് മുസ്ലിം എംപിമാര്‍ മാത്രമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഏഴിനെതിരെ 287 വോട്ടുകള്‍ക്കാണ് യുഎപിഎ ബില്‍ ലോക്സഭയില്‍ പാസായത്. എഐഎംഐഎം, ബിഎസ്പിയിലെ ഒരു എംപി, മുസ്ലിം ലീഗ് എംപിമാര്‍ മാത്രമാണ് യുഎപിഎ ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത്.

യുഎപിഎ ബില്ലിനെതിരെ ഇസ്ലാം മത വിശ്വാസികള്‍ മാത്രമാണ് വോട്ട് ചെയ്തത്. ഈ പ്രവണത ഗൗരവമായ വിഷയമാണെന്നും മറ്റ് പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യണമെന്നും ഒവൈസി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുഎപിഎ എന്ന കാടത്ത നിയമം കൊണ്ടുവന്നതിന് കോണ്‍ഗ്രസ് സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും സെക്കുലര്‍ എന്ന പദമുപയോഗിക്കുമെങ്കിലും മുസ്ലിംകളെ തരം താഴ്ത്തുന്നതില്‍ കോണ്‍ഗ്രസ് പങ്കുവഹിച്ചെന്നും ഒവൈസി കുറ്റപ്പെടുത്തി. മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ബില്ലിനെ താന്‍ എതിര്‍ക്കും.

ഈ നിയമത്തിന്‍റെ പേരില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോള്‍, ഫിദല്‍ കാസ്ട്രോ പറഞ്ഞതുപോലെ, ചരിത്രം എനിക്ക് മാപ്പ് നല്‍കുമെന്നും ഒവൈസി പറഞ്ഞു. അധികാരമുണ്ടായിരുന്നപ്പോള്‍ ബിജെപിയെപ്പോലെയായിരുന്നു കോണ്‍ഗ്രസ്. അധികാരം നഷ്ടപ്പെട്ടപ്പോള്‍ മുസ്ലിംകളുടെ ബിഗ് ബ്രദറായി ചമയുകയാണ്. എന്‍ഐഎ, യുപിഎ നിയമങ്ങളുടെ നിര്‍മാതാക്കള്‍ കോണ്‍ഗ്രസാണെന്നും ഒവൈസി ആരോപിച്ചു.