Asianet News MalayalamAsianet News Malayalam

ഈ സർക്കാർ സ്കൂളിൽ ഒരു വിദ്യാർത്ഥി മാത്രം; സംഭവം ബീഹാറിലെ ​ഗയയിൽ

''കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. അതിനാൽ​ ​ഗ്രാമത്തിലുള്ളവർ അവരുടെ കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കാൻ തയ്യാറാകുന്നില്ല.'' അദ്ദേഹം പറഞ്ഞു. 

only one student in government school at bihar
Author
Patna, First Published Jan 24, 2020, 10:19 AM IST

പട്ന: ബീഹാറിലെ ​ഗയയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിൽ ഒരു വി​ദ്യാർത്ഥിയും രണ്ട് അധ്യാപകരും ഒരു പാചകക്കാരനും മാത്രമാണുള്ളതെന്ന് റിപ്പോർട്ട്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഏഴുവയസ്സുകാരി ജാന്‍വി കുമാരി മാത്രമാണ് ഇവിടെ വിദ്യാര്‍ത്ഥിയായിട്ടുള്ളത്.  ഒറ്റ വിദ്യാർത്ഥിക്ക് വേണ്ടി മാത്രമാണ് സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. സ്കൂൾ കെട്ടിടത്തിന് നാല് ക്ലാസ് മുറികളും ഒരു അടുക്കളയുമാണുള്ളത്. ഏക വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 59,000 രൂപ ചെലവാകുമെന്ന് അധികൃതർ പറഞ്ഞു. രണ്ട് അധ്യാപകർക്കായി ഏകദേശം 58,000 രൂപയും പാചകക്കാരന് 1,500 രൂപയും സർക്കാർ പ്രതിമാസം നൽകുന്നുണ്ട്.

​​ഗ്രാമവാസികൾ അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ ചേർക്കാനാണ് താത്പര്യപ്പെടുന്നതെന്ന് ​ഗ്രാമ മുഖ്യനായ ധർമ്മരാജ് പാസ്വാൻ വ്യക്തമാക്കി. ''കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. അതിനാൽ​ ​ഗ്രാമത്തിലുള്ളവർ അവരുടെ കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കാൻ തയ്യാറാകുന്നില്ല.'' അദ്ദേഹം പറഞ്ഞു. പാചകക്കാരനിൽ നിന്നും അധ്യാപകരിൽ തനിക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഏക വിദ്യാർത്ഥിനിയായ ജാൻവി കുമാരി പറയുന്നു. കുട്ടിക്കുള്ള ഭക്ഷണം ചിലപ്പോൾ ഹോട്ടലിൽ നിന്ന് വരുത്താറുണ്ടെന്നും അധ്യാപകർ വ്യക്തമാക്കുന്നു. കാരണം ഒരാൾക്ക് വേണ്ടി മാത്രം പാചകം ചെയ്യുന്ന ബുദ്ധിമുട്ടാണെന്ന് അധ്യാപകരിലൊരാളായ പ്രിയങ്ക കുമാരി പറഞ്ഞു.

ഒൻപത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഒരാൾ മാത്രമാണ് സ്ഥിരമായി ക്ലാസ്സിൽ വരുന്നത്. തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചാണ് ജാൻവി കുമാരിയെ പഠിപ്പിക്കുന്നതെന്നും അധ്യാപകർ കൂട്ടിച്ചേർക്കുന്നു. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ മാതാപിതാക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പരിപാടി ഉടൻ ആരംഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുസ്തഫ ഹുസൈൻ മൻസൂരി പറഞ്ഞു. സ്കൂളിൽ കുട്ടികൾ എത്താത്തതിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്ന് ഖിസർസാരായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ഉദയ് കുമാർ ഉറപ്പ് നൽകി. 


 

Follow Us:
Download App:
  • android
  • ios