സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പോളണ്ട് അതിര്‍ത്തി വഴി ഒഴിപ്പിക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് താങ്ങായി നിന്നത് പോളണ്ടിലെ മലയാളി കൂട്ടായ്മയാണ്. - രക്ഷാദൗത്യത്തിൻ്റെ വിശദവിവരങ്ങളുമായി യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ നിന്നും പ്രശാന്ത് രഘുവംശം 

പോളണ്ട് : യുക്രൈനിലുള്ള (Ukraine) ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്. സുമിയില്‍ (Sumy) കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പോളണ്ട് അതിര്‍ത്തി വഴി ഒഴിപ്പിക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് താങ്ങായി നിന്നത് പോളണ്ടിലെ മലയാളി കൂട്ടായ്മയാണ്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഇവിടെ വോളണ്ടിയര്‍മാരായി എത്തി. പോളണ്ട് യുക്രൈന്‍ അതിര്‍ത്തി നഗരമായ ജെഷോവില്‍ നിന്ന് പ്രശാന്ത് രഘുവംശം ഇവരില്‍ ചിലരോട് സംസാരിച്ചു.

ഒഴിപ്പിക്കലിന് വേഗം പകര്‍ന്നതായിരുന്നു മലയാളി കൂട്ടായ്മയുടെ ഇടപെടല്‍. യുദ്ധം തുടങ്ങിയത് മുതല്‍ ആരും ആവശ്യപ്പെടാതെ തന്നെ നൂറുകണത്തിന് മലയാളികളാണ് സഹായത്തിനായി എത്തിയതെന്ന് മലയാളിയായ ജിന്‍സ് പറയുന്നു. 700 പേര്‍ അടങ്ങുന്ന സംഘമാണ് സുമിയില്‍ നിന്ന് വന്നത്. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കാന്‍ കഴിഞ്ഞെന്ന് അരുണ്‍ പറഞ്ഞു. പോളണ്ട് സര്‍ക്കാറിന്‍റെയും ഇന്ത്യന്‍ എംബസിയും നല്ല പിന്തുണ ഉണ്ടായിരുന്നെങ്കിലും മലയാളി കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. പോളണ്ട് പൊലീസ് സേന സുരക്ഷയും ഒരുക്കി.

സുമിയിലടക്കം റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്. ഇന്ത്യയിലേക്ക് തിരിക്കുന്നതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്നാണ് ഒരുക്കിയത്.

സുമിയിൽ നിന്ന് മധ്യ യുക്രെയ്ൻ നഗരമായ പോൾട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്റർ. സാധാരണ മൂന്നര മണിക്കൂറിൽ തീരുന്ന യാത്ര. എന്നാൽ യുദ്ധഭൂമിയിലൂടെയുള്ള സങ്കീർണ്ണ രക്ഷാ ദൗത്യത്തിൽ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാർത്ഥികളെ പോൾട്ടോവയിൽ എത്തിച്ചത്. രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗർഭ അറകളിലും കഴിഞ്ഞ വിദ്യാർത്ഥികൾ പലരും നന്നേ ക്ഷീണിതരായിരുന്നു. റഷ്യയുമായും യുക്രൈനുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. തുടക്കത്തിൽ പലതവണ ആശങ്കകൾ ഉയർന്ന മാനുഷിക ഇടനാഴിയിലൂടെ വിജയകരമായി പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയിൽ നിന്ന് രക്ഷപ്പെട്ട് പോൾട്ടോവയിൽ എത്തിയിരുന്നു. പോൾട്ടോവയിൽ നിന്ന് ട്രെയിനിൽ യാത്ര തുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തി നഗരമായ ലവീവിൽ എത്തിച്ച ശേഷമാണ് ഇവിടെ നിന്ന് പോളണ്ട് അതിർത്തിയിൽ എത്തിയത്. തുടര്‍ന്ന് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത് വിദ്യാർത്ഥികളുടെ തുടർ യാത്ര സുഗമമാക്കിയിരുന്നു. പ്രധാന നഗരങ്ങളിൽ എല്ലാം വെടിനിർത്തുമെന്നും മാനുഷിക ഇടനാഴികളിൽ ഒരാക്രമണവും ഉണ്ടാകില്ലെന്നും റഷ്യൻ സൈനിക വക്താവ് അറിയിച്ചു. പോളണ്ടിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ വിമാനങ്ങൾ അടക്കം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സുമി രക്ഷാദൗത്യത്തിൽ യുക്രെയ്ൻ അതിർത്തി കടന്നവർ കൂടി രാജ്യത്തെത്തുമ്പോൾ ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.

രക്ഷാദൗത്യത്തിൻ്റെ വിശദവിവരങ്ങളുമായി യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ നിന്നും പ്രശാന്ത് രഘുവംശം 

YouTube video player