ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി ഹർജിക്കാർ ആരോപിച്ചു. 

കൊച്ചി : തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണം കോടതി തേടി. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി ഹർജിക്കാർ ആരോപിച്ചു. 

സർക്കാരിനെ അട്ടിമറിക്കാൻ ഇടനിലക്കാരായി എന്ന കേസിൽ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവർ ഒളിവിലാണ്. തെലങ്കാന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജഗ്ഗു സ്വാമിയെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുക മാത്രമാണെന്നും ഹർജിക്കാർ പറഞ്ഞു. 

അതേസമയം ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും കൊച്ചി അമൃത ആശുപത്രിയിലെ ഡെപ്യൂട്ടി മാനേജര്‍ ഡോക്ടര്‍ ജഗ്ഗു സ്വാമിക്കുമെതിരെ തെലങ്കാന പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാത്തതിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 21 ന് ഹാജരാകണമെന്നാണ് തെലങ്കാന പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇവർ ഇതുവരെ ഹാജരായിട്ടില്ല. 

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ ലോട്ടസ്’ പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ ' ഓപ്പറേഷൻ ലോട്ടസ് ' ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. 

Read More : 'നടന്നത് ടിആർഎസ് ട്രാപ്പ്, ഏജന്‍റുമാര്‍ ഇങ്ങോട്ടു വിളിച്ചു'; തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി തുഷാർ