വടക്കൻ ഇറാനിലെ ന​ഗരമായ മസ്ഹദിൽനിന്നുള്ള വിമാനം രാത്രി പതിനൊന്നരയ്ക്ക് ദില്ലിയിലെത്തും

ദില്ലി: ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ ഇറാനിൽനിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. വിദ്യാർത്ഥികളടക്കം ആയിരം പേരുമായി ഇന്ന് രാത്രിയും നാളെയുമായി മൂന്ന് വിമാനങ്ങൾ ദില്ലിയിലെത്തും. വടക്കൻ ഇറാനിലെ ന​ഗരമായ മസ്ഹദിൽനിന്നുള്ള വിമാനം രാത്രി പതിനൊന്നരയ്ക്ക് ദില്ലിയിലെത്തും. 

തുർക്ക്മെനിസ്ഥാനിലെ അഷ്​ഗാബത്തിൽനിന്നും രണ്ടാമത്തെ വിമാനം നാളെ പുലർച്ചെ മൂന്നിനെത്തും. ഇതിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. നാളെ വൈകിട്ടാകും മൂന്നാമത്തെ വിമാനം എത്തുക. ഇന്ത്യാക്കാർക്ക് മടങ്ങുന്നതിനായാണ് ഇറാന്‍റെ വ്യോമപാത പ്രത്യേകം തുറന്ന് നൽകുന്നത്. സംഘർഷത്തിന് പിന്നാലെ വ്യോമപാത അടച്ചിരുന്നു. ടെഹ്റാനിൽനിന്നും ക്വോമിലേക്ക് കൂടുതൽ ഇന്ത്യാക്കാരെ എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും തിരിച്ചെത്തിക്കും.

എയർഫോഴ്സ് വിമാനങ്ങൾ തൽക്കാലം ഒഴിപ്പിക്കലിനായി ഉപയോ​ഗിക്കില്ലെന്നാണ് വിവരം. ബുധനാഴ്ചയാണ് ഓപ്പറേഷൻ സിന്ധു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പുലർച്ചെ അർമേനിയയിൽനിന്നും ആദ്യ വിമാനത്തിൽ 110 പേരെ തിരികെ എത്തിച്ചിരുന്നു. ഇസ്രയേലിൽ 35000ത്തിലധികം ഇന്ത്യക്കാർ ഭീഷണി സാഹചര്യം നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. സ്ഥിതി കൂടുതൽ വഷളായാൽ ഇവരോടും നിർബന്ധമായും ഒഴിയാൻ നിർദ്ദേശിക്കും. ഇസ്രയേലിൽനിന്നും ഈജിപ്തിലെ താബ അതിർത്തി കടന്നെത്തിയ ഇന്ത്യാക്കാർക്ക് ഈജിപ്തിലെ ഇന്ത്യൻ എംബസി സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്.

YouTube video player