ജയ് ഹിന്ദ് റാലിയിലെ സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തുമെന്നും എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ചോദിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി
ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യവ്യാപമാകിയ ജയ് ഹിന്ദ് റാലിയുമായി കോണ്‍ഗ്രസ്. ദില്ലിയിൽ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനുശേഷം നേതാക്കളായ ജയറാം രമേശ്, പവൻ ഖേര എന്നിവരാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. ഇന്ന് രണ്ട് മണിക്കൂർ യോഗം ചേർന്നുവെന്നും ഏപ്രിൽ 22 മുതൽ കോൺഗ്രസ് കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ അറിയിച്ചിരുന്നുവെന്നും അതുവഴി ഒറ്റകെട്ടാണ് എന്ന സന്ദേശം നൽകിയെന്നും ജയറാം രമേശ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിലടക്കം രണ്ട് സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു. പ്രധാനമന്ത്രി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, രണ്ടിലും മോദി വന്നില്ല.എങ്ങനെയാണ് ട്രംപ് ആദ്യം വെടി നിർത്തൽ പ്രഖ്യാപിച്ചതെന്നകാര്യത്തിലടക്കം പ്രധാനമന്ത്രി മറുപടി നൽകുന്നില്ല. പ്രധാനമന്ത്രിയും വിദേശമന്ത്രിയും എന്തുകൊണ്ട് രാജ്യത്തെ വിശ്വാസത്തിൽ എടുക്കുന്നില്ല? പാർലമെന്‍റിനെ വിശ്വാസത്തിൽ എടുക്കുന്നില്ല? പ്രധാനമന്ത്രി എന്താണ് ഇക്കാര്യത്തിൽ നിശബ്ദനായിരിക്കുന്നത്?
പ്രധാനമന്ത്രി എന്‍ഡിഎയുടെ മുഖ്യമന്ത്രിമാരുടെ യോഗം മാത്രം വിളിക്കുകയാണ്. ബാക്കി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്ത് കുറ്റമാണ് ചെയ്തത്? വിദേശകാര്യ മന്ത്രി വിഷയത്തിൽ ഒരു അക്ഷരം മിണ്ടുന്നില്ല. ഈ രാജ്യത്ത് തീരുമാനം എടുക്കുന്നത് ആരാണ്. എല്ലായിടത്തും ട്രംപ് തന്‍റെ നിലപാട് ആവർത്തിക്കുകയാണ്. എന്തിനാണ് സർക്കാർ മൗനം പാലിക്കുന്നത്. പ്രധാനമന്ത്രിയും മൗനത്തിലാണ്. ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ജയറാം രമേശും പവൻ ഖേരയും പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി ജയ് ഹിന്ദ് റാലി നടത്തും. പ്രധാനപ്പെട്ട നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപെട്ടത് അല്ല.ഇത് എല്ലാവർക്കുമുള്ളതാണ്. രാജ്യത്തെ എല്ലാവർക്കുമുള്ളതാണ്. ജയ് ഹിന്ദ് സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തും. എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ചോദിക്കും.കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.
തരൂർ പാർട്ടി ലൈൻ പാലിക്കണം
കോണ്‍ഗ്രസ് യോഗത്തിൽ ശശി തരൂരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. തരൂര്‍ പാര്‍ട്ടി ലൈൻ പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി. ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി.പൊതുസമൂഹത്തോട് തരൂർ പാർട്ടി നിലപാട് വിശദീകരിക്കണമെന്നും യോഗത്തിൽ നിര്‍ദേശിച്ചു.
യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂർ പറയുന്നത് പാർട്ടി നിലപാടല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിൽ തരൂരിന്‍റേത് വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യുദ്ധസമയത്ത് അമേരിക്കക്ക് കീഴടങ്ങാത്തത് ഉയര്‍ത്തി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം ഉയര്‍ത്തിയപ്പോള്‍ അതിനെ പരസ്യമായി തള്ളികൊണ്ട് തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണിപ്പോള്‍ നേതൃത്വം രംഗത്തെത്തിയത്.



