പാകിസ്ഥാനെതിരായ യുദ്ധങ്ങളിലെല്ലാം ഇന്ത്യയ്ക്ക് കരുത്തായത് സൈനിക ശക്തിയാണ്. ലോകത്തെ പ്രധാന സൈനിക ശക്തികളുടെ റാങ്കിങ് എടുത്താൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ പത്തിൽ പോലും പാകിസ്ഥാൻ ഉള്‍പ്പെടുന്നില്ല
ദില്ലി: യുദ്ധത്തിൽ ഇന്ത്യയോടെ പലവട്ടം തോറ്റിട്ടും പാഠം പഠിക്കാത്ത പാകിസ്ഥാൻ ഭീകരരെ മറയാക്കിയുള്ള ആക്രമണം തുടരുകയാണ്. പാകിസ്ഥാനെതിരായ യുദ്ധങ്ങളിലെല്ലാം ഇന്ത്യയ്ക്ക് കരുത്തായത് സൈനിക ശക്തി തന്നെയാണ്. 1965ലും, 71ലും ഏറ്റവും ഒടുവിൽ 1999ൽ കാർഗിലിലും തോറ്റ് തുന്നം പാടിയിട്ടും പാകിസ്ഥാൻ ഒന്നും പഠിച്ചില്ല. ലോകത്തെ പ്രധാന സൈനിക ശക്തികളുടെ റാങ്കിങ് എടുത്താൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ പത്തിൽ പോലും പാകിസ്ഥാൻ ഉള്‍പ്പെടുന്നില്ല. സൈനിക ശക്തിയിൽ മുന്നിലുള്ള ഇന്ത്യയ്ക്കെതിരെ നേരിട്ടുള്ള യുദ്ധത്തിന് മുതിരാൻ പാകിസ്ഥാൻ വിറയ്ക്കുമെന്ന് ചുരുക്കം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും സൈനിക ശക്തിയും ചര്‍ച്ചയാകുകയാണ്.
സൈനിക ശേഷി
മിലിറ്ററി ശക്തിയിൽ ഇന്ത്യ പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 14 ലക്ഷം സൈനികര്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ സൈനിക ശേഷി. ഇതിന് പുറമെ റിസര്‍വ് അംഗങ്ങള്‍ വേറെയുമുണ്ട്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം പാക്കിസ്ഥാൻ സൈനികരുടെ എണ്ണം 6.5 ലക്ഷം മാത്രമാണ്. പാരാമിലിറ്ററി അർദ്ധ സൈനിക വിഭാഗങ്ങളാണ് ഇന്ത്യയുടെ ശക്തമായ പിൻബലം. കണക്ക് നോക്കിയാൽ ഇത് 25 ലക്ഷത്തോളമാണ്. എന്തിനും സജ്ജമായ രണ്ടാം നിരയായി പാരാമിലിറ്ററിയും അര്‍ധ സൈനിക വിഭാഗങ്ങളുമുണ്ട്. പാക്കിസ്ഥാൻ കണക്ക് നോക്കിയാൽ ഇത് അഞ്ച് ലക്ഷം മാത്രമാണ്.
യുദ്ധ ടാങ്കുകള്‍
ടാങ്കുകളുടെ കണക്കെടുത്താലും പാകിസ്ഥാനേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ടാങ്കുകളുടെ എണ്ണം 4600ൽ ഏറെയാണ്. പാകിസ്ഥാനാണെങ്കിൽ ടാങ്ക് കരുത്ത് 2600ൽ താഴെ മാത്രമാണ്. ഇന്ത്യയുടെ അർജുൻ ,ഭീഷ്മ ടാങ്കുകൾ ലോകോത്തര നിലവാരത്തിലുള്ളതാണ്.
കവചിത വാഹനങ്ങൾ
ആംഡ് ഡിഫൻസ് വെഹിക്കിളുകളുടെ എണ്ണം എടുത്താൽ ലോക ശക്തികളോട് കിടപിടിക്കുന്നതാണ് ഇന്ത്യയുടെ കരുത്ത്. ഒന്നരലക്ഷത്തോളം കവചിത വാഹനങ്ങൾ ഇന്ത്യക്കുണ്ട്. പാകിസ്ഥാന് ഇതിന്‍റെ മൂന്നിലൊന്ന് മാത്രം. അതായത് 50,523 വാഹനങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.
യുദ്ധ വിമാനങ്ങള്‍
കരയിൽ മാത്രമല്ല വായുവിലും പ്രതാപികളാണ് ഇന്ത്യൻ ഡിഫെൻസ്. യുദ്ധ വിമാനങ്ങളുടെ കണക്കെടുത്താൽ ഇന്ത്യയുടെ പക്കൽ 2296 എണ്ണമുണ്ട്. വിദേശികളായ മിഗിനും, റഫാലിനും, സുഖോക്കും, മിറാഷിനും ഒപ്പം നമ്മുടെ സ്വന്തം തേജസുമുണ്ട്. ഫൈറ്റർ ജെറ്റുകളുടെ എണ്ണം എടുത്താൽ ഇന്ത്യയുടെ കരുത്ത് 606 ആയിരിക്കും. പാക്കിസ്ഥാന്‍റെ ഫൈറ്റർ ജെറ്റുകളുടെ എണ്ണം 387 ആണ്.
മിസൈലുകള്‍
മിസൈലുകളുടെ കാര്യം നോക്കിയാലും ഇന്ത്യ ഏറെ മുന്നിലാണ്. വിനാശകാരിയായ അഗ്നിയും പ്രിഥ്വിയും അടക്കം ഇന്ത്യയുടെ മിസൈൽ ശേഖരം ലോകോത്തരമാണ്. ഇതിലും ഏറെ പിന്നിലാണ് പാകിസ്ഥാൻ. ഹെലികോപ്റ്ററുകളിൽ ഇന്ത്യയുടെ കരുത്ത്. 1194 അത്യാധുനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യയ്ക്കുള്ളത്. പാക്കിസ്ഥാന് ഇതിന്‍റെ മൂന്നിലൊന്നായ 361 എണ്ണം മാത്രമാണുള്ളത്.
നാവിക സേന
ഇന്ത്യൻ മഹാസമുദ്രത്തിലെ തലതൊട്ടപ്പന്മാരാണ് ഇന്ത്യൻ നാവിക സേന. 1971ൽ ഇന്ത്യൻ നാവികസേന നൽകിയ പ്രഹരത്തിന്‍റെ മുറിവ് ഇനിയും പാകിസ്ഥാൻ മറികടന്നിട്ടില്ല. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിക്രാന്തിനെ തകർക്കാൻ ഇറങ്ങിയ പിഎൻഎസ് ഗാസി ബംഗാൾ ഉൾക്കടലിൽ മുങ്ങി താണത് പാകിസ്ഥാന്‍റെ നാണംകെട്ട ചരിത്രമാണ്. യുദ്ധ കപ്പലുകളുടെ എണ്ണം എടുത്താൽ ഇന്ത്യയുടെ കരുത്ത് 294 ആണ്. പാക്കിസ്ഥാന്‍റേത് വെറും 114 മാത്രമാണ്.
വിമാന വാഹിനി കപ്പലുകളിലും ഇന്ത്യ കരുത്തരാണ്. ഐഎൻഎസ് വിക്രാന്തും , ഐഎൻഎസ് വിക്രമാദിത്യയും അടക്കം പട ശക്തമാണ്. പാകിസ്ഥാന് ഇതുവരെ ഒരു വിമാന വാഹിനി കപ്പൽ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അന്തർവാഹിനികളുടെ കണക്കെടുത്താൽ ഇന്ത്യക്ക് 18 എണ്ണമാണുള്ളത്. പാക്കിസ്ഥാന്‍റെ അന്തർവാഹിനികളുടെ
എണ്ണം എട്ട് ആണ്.



