മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സുരക്ഷാകാര്യങ്ങളിലെ പ്രത്യേക യോഗവും മന്ത്രിസഭാ യോഗവുമാണ് ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നത്.

ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേര്‍ന്ന ഉന്നത തല യോഗം അവസാനിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സുരക്ഷാകാര്യങ്ങളിലെ പ്രത്യേക യോഗവും മന്ത്രിസഭാ യോഗവുമാണ് ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 11ന് ആരംഭിച്ചത്. യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ണായക യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുമ്പായി പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ ആക്രമണത്തിന്‍റെ വിവരം അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങളടക്കം ഉന്നത തല യോഗം വിലയിരുത്തിയതായാണ് വിവരം. പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തിയിലെ പ്രകോപനം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചര്‍ച്ചയായെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചുകൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കിയതായാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും വൈകാതെ പുറത്തുവന്നേക്കും. യോഗത്തിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

പാകിസ്ഥാന് നൽകിയ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി എല്ലാ സേനാവിഭാഗങ്ങളിലെയും അവധി റദ്ദാക്കി സൈനികരോട് തിരിച്ചെത്താൻ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങളിൽ പഴുതടച്ച നടപടിയെടുക്കാൻ അമിത് ഷാ സൈന്യത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചത്.

YouTube video player