പാകിസ്ഥാന്‍റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും അസദുദ്ദീൻ ഒവൈസി

ദില്ലി: തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദഹേം. പാകിസ്ഥാന്‍റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2022ൽ നാല് വർഷത്തിന് ശേഷമാണ് പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) രേഖയിൽ നിന്ന് ഒഴിവാക്കിയത്. തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്ന ആഗോള നിരീക്ഷണ ഏജൻസിയാണ് എഫ്എടിഎഫ്. ടിആർഎഫിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസിനെ പ്രേരിപ്പിക്കണമെന്നും ഒവൈസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

"ഓപ്പറേഷൻ സിന്ദൂറിന് നമ്മുടെ സായുധ സേനയെയും സർക്കാരിനെയും അഭിനന്ദിച്ചു. ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ (ടിആർഎഫ്) നമ്മൾ ഒരു ആഗോള പ്രചാരണം നടത്തണമെന്നും നിർദ്ദേശിച്ചു. അതിനെ (ടിആർഎഫ്) ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസിനോട് അഭ്യർത്ഥിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. എഫ്എടിഎഫിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റ് ചെയ്യാൻ ശ്രമിക്കണം" - യോഗത്തിന് ശേഷം ഒവൈസി പറഞ്ഞു.

അതേസമയം, പാക് പ്രകോപനം തുടര്‍ന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നയമെന്നും സൈനിക നടപടിയിൽ പൂര്‍ണ പിന്തുണ അറിയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്‍റെ ഒരു നടപടിയെയും വിമര്‍ശിക്കാനില്ല. സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടു. എല്ലാവരും ഒന്നിച്ച് നിൽക്കും. ഈ ദുർഘട നിമിഷയത്തിൽ എല്ലാ പിന്തുണയും നൽകും. ഇത്തരമൊരു സന്ദർഭത്തിൽ സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് ഉണ്ടാകേണ്ടത്. അതിനെ വിമര്‍ശിക്കുന്നില്ലെന്നും രാജ്യത്തെ സാഹചര്യം മറ്റൊന്നാണെന്നും ഖർഗെ പറഞ്ഞു.

സര്‍വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് യോഗത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ വിശദീകരിച്ചത്. മൂന്ന് മണിക്കൂർ നീണ്ട് സർവകക്ഷിയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും നേതാക്കള്‍ പക്വതയോടെ പെരുമാറിയെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.