ലഖ്നൗ: പാചകവാതക വിലയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ വേറിട്ട സമരം. ബജറ്റ് സെഷനില്‍ സമരവുമായെത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി. ഗ്യാസ് സിലിണ്ടര്‍ ചുമന്നാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഗവര്‍ണര്‍ പൗരത്വ നിയമ ഭേദഗതിയെയും ദേശീയപൗരത്വ പട്ടികയെയും ഗവര്‍ണര്‍ അനുകൂലിച്ച് സംസാരിച്ചതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. രാജ്യവ്യാപക പ്രതിഷേധത്തിന് സിഎഎ, എന്‍ആര്‍സി കാരണമായെന്നും മുസ്ലീങ്ങളെ ഉന്നം വെക്കുന്നതാണ് നിയമമെന്ന് വിമര്‍ശനമുണ്ടെന്നും എംഎല്‍എമാര്‍ ആരോപിച്ചു.

ഗവര്‍ണറുടെ പ്രസംഗത്തിനെതിരെ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുമായെത്തിയാണ്  പ്രതിഷേധമുന്നയിച്ചത്. നിയമസഭാ മന്ദിരത്തിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് റിക്ഷാ തൊഴിലാളികള്‍ക്ക് സൗജന്യമായി ഉരുളക്കിഴങ്ങ് വിതരണം ചെയ്തു. ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.  സിഎഎ, എന്‍ആര്‍സി, വിലക്കയറ്റം, പാചകവാതക വില വര്‍ധന, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്ത് സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. കോണ്‍ഗ്രസ ്എംഎല്‍എമാരും പ്രതിഷേധത്തില്‍ പങ്കാളികളായി.