നബീൻറെ നിയമനത്തിൽ ബിജെപിയിൽ അമ്പരപ്പ്. അപ്രതീക്ഷിതം എന്ന‌് പാർട്ടി നേതാക്കൾ

ദില്ലി: നിതിൻ നബീൻ ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും.നബീൻറെ നിയമനം അപ്രതീക്ഷിതം എന്ന‌് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു.ബിജെപി പാർലമെൻററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ നിശ്ചയിച്ചത്.നാല്പത്തഞ്ചുകാരനായ നിതിൻ നബീനെ നിശ്ചയിച്ചതു വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മടിയില്ലെന്ന സന്ദേശം ബിജെപി പ്രകടമാക്കുകയാണ്.കേരളത്തിലടക്കം തെരഞ്ഞെടുപ്പുകൾ നബീൻറെ നേതൃത്വത്തിൽ നടക്കും

 പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചർച്ചയിലും ഉയർന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോൾ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറായി നിയോഗിച്ചിരിക്കുന്നത്. നിലവിൽ ബീഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീൻ. 2019 ആദ്യം ദേശീയ വർക്കിംഗ് പ്രസിഡൻറായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും. വർക്കിംഗ് പ്രസിഡൻറായ നിതിൻ നബീൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴിയൊരുങ്ങുന്നത്. 

മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്നോക്ക വിഭാഗത്തിൽ നിന്നൊരാൾ എത്തണമെന്ന ധാരണയും ഇതിലൂടെ വ്യക്തമാണ്. നിതിൻ നബീൻറെ ഊർജ്ജവും സമർപ്പണവും പാർട്ടിയെ വരും കാലത്ത് ശക്തമാക്കുമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപിക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന യുവാക്കൾക്കുള്ള അംഗീകാരമെന്ന് അമിത് ഷാ പ്രതികരിച്ചു. പാർട്ടി ഉന്നത നേതൃത്വത്തിന് നന്ദി അറിയിക്കുന്നു എന്ന നിതിൻ നബീൻ പ്രതികരിച്ചു.