Asianet News MalayalamAsianet News Malayalam

'വാക്സീൻ വിതരണത്തിൽ കേന്ദ്രനയം മാറ്റണം', ആവശ്യമുന്നയിച്ച് സംസ്ഥാനങ്ങളും പ്രതിപക്ഷവും

ഇന്ത്യയിൽ ആവശ്യത്തിന് ഉത്പാദനം ഉറപ്പിക്കാതെ എന്തിന് മറ്റു രാജ്യങ്ങൾക്ക് വാക്സീൻ നല്കി എന്ന ചോദ്യമാണ് പ്രതിപക്ഷവും മറ്റ് സംസ്ഥാനങ്ങളും ഉയർത്തുന്നത്.

opposition parties and state governments against central government vaccine policy
Author
Delhi, First Published Apr 17, 2021, 6:39 PM IST

ദില്ലി: കൊവിഡ് വാക്സീൻറെ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്രനയം മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും പ്രതിപക്ഷവും. രാജ്യത്ത് വാക്സീൻ ലഭ്യത ഉറപ്പ് വരുത്താതെ വിദേശ കയറ്റുമതി നടത്തുന്നതിനെതിരെയാണ് സംസ്ഥാനങ്ങൾ രംഗത്തെത്തിയത്. 

രണ്ട് മെയിഡ് ഇൻ ഇന്ത്യ വാക്സീൻ എന്ന് നിരന്തരം അവകാശപ്പെട്ടിരുന്ന സർക്കാർ ഇപ്പോഴത്തെ ഗുരുതര സാഹചര്യത്തിൽ പകച്ചു നിൽക്കുകയാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ രണ്ട് സ്വകാര്യ കമ്പനികൾ ഉത്പാദിപ്പിക്കുന്ന വാക്സീനുകളുടെ വിതരണ അവകാശം ഇപ്പോൾ കേന്ദ്രസർക്കാരിനു മാത്രമാണ്. ഇതുവരെ തയ്യാറാക്കിയത് 12 കോടി കൊവിഷീൽഡ് വാക്സീൻ ഡോസുകളും രണ്ടു കോടിയിൽ താഴെ കൊവാക്സിനുമാണ്. ഇതിൽ ആറര കോടി ഡോസുകൾ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു നല്കി. 

ഇന്ത്യയിൽ ആവശ്യത്തിന് ഉത്പാദനം ഉറപ്പിക്കാതെ എന്തിന് മറ്റു രാജ്യങ്ങൾക്ക് വാക്സീൻ നല്കി എന്ന ചോദ്യമാണ് പ്രതിപക്ഷവും മറ്റ് സംസ്ഥാനങ്ങളും ഉയർത്തുന്നത്. വിദേശ വാക്സീനുകൾ വാങ്ങാൻ ആദ്യം മടികാണിച്ച സർക്കാർ ഇപ്പോൾ റഷ്യൻ വാക്സീന് അടിയന്തര അനുമതി നല്കി നയം മാറ്റുകയാണ്. 

സ്വകാര്യകമ്പനികളുടെ മരുന്നിൻറെ വിതരണാവകാശം കേന്ദ്രം എന്തിന് കൈയ്യിൽ വയ്ക്കണമെന്ന് ചോദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് പ്രധാനമന്ത്രിക്ക് കത്തു നല്കി. പൊതു വിപണയിൽ ലഭ്യമാക്കിയാൽ കൂടുതൽ പേരിലേക്ക് വാക്സീൻ എത്തുമെന്നും നവീൻ പട്നായിക്ക് ചൂണ്ടിക്കാട്ടി. 

കയറ്റുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസ് പ്രവർത്തക സമിതി 25 വയസ്സിനു മുകളിലുള്ളവർക്കാകെ വാക്സീൻ നൽകണം എന്ന നിർദ്ദേശവും വച്ചു. അമേരിക്കയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങാൻ തന്ത്രപ്രധാന പങ്കാളി എന്ന് ഊറ്റം കൊള്ളുന്ന സർക്കാരിനാവുന്നില്ലേ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ചോദിച്ചു. ഒന്നര കോടി ഡോസ് സംസ്ഥാനങ്ങളിലുണ്ടെന്നും വാക്സീൻ പ്രതിസന്ധിയില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻറെ വിശദീകരണം. പൊതുമേഖല സ്ഥാപനങ്ങൾക്ക് ധനസഹായം നല്കി കൊവാക്സിൻ ഉത്പാദനം ആറു മാസത്തിൽ പത്തിരട്ടിയാക്കാൻ കേന്ദ്രം ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്രവലിയ പ്രതിസന്ധി വരുന്നത് വരെ സർക്കാർ എന്തിന് കാത്തിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.   

Follow Us:
Download App:
  • android
  • ios