ദില്ലി: ഉന്നാവ്, ത്രിപുര സംഭവങ്ങളിൽ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമാകും. അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്കി. ടിഎൻ പ്രതാപനേയും  ഡീൻ കുര്യക്കോസിനെയും ഇന്ന് ലോക്സഭ സസ്പെൻഡ് ചെയ്യും. രാജ്യത്ത് സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ പാർലമെൻറ് വൻപ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുക.

ഉന്നാവ്, ത്രിപുര സംഭവങ്ങളിൽ അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്കാൻ വൈകിട്ട് ചേർന്ന കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. രാവിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കും. സോണിയാഗാന്ധിയുടെ 73-ാം ജന്മദിനമാണിന്ന്. തൻറെ ജന്മദിനം ആഘോഷിക്കരുതെന്ന് സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ് എന്നിവരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം സഭയുടെ അജണ്ടയിലുണ്ട്. സ്മൃതി ഇറാനിയോടുള്ള പെരുമാറ്റം സഭാ ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം. പ്രമേയം പാസ്സാകുന്നത് എങ്ങനെയും പ്രതിരോധിക്കാനാണ് കോൺഗ്രസ് ധാരണ. പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാണ് ബിജെപി ആരോപണം. രണ്ട് എംപിമാർക്കും എതിരെയുള്ള പരാതി എത്തിക്സ് സമിതിക്ക് വിടാനും ബിജെപി ആലോചിക്കുന്നുണ്ട്.