ദില്ലി: സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിൽ ഇന്നും പാർലമെൻറിൽ പ്രതിപക്ഷ ബഹളം. തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി വ്യക്തമാക്കി. സോണിയ ഗാന്ധിക്കും കുടുംബത്തിനും ഇപ്പോഴും സുരക്ഷാ ഭീഷണിയുണ്ടെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ രാജ്യസഭയിൽ വിഷയം ഉന്നയിച്ച് പറഞ്ഞു. എന്നാൽ കാര്യമായ ഭീഷണിയില്ലെന്ന് സുബ്രമണ്യം സ്വാമിയുടെ വാദിച്ചതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പ്രിയങ്ക ഗാന്ധി ജയിലിൽ കണ്ടത് സ്വാമി പരാമർശിച്ചപ്പോൾ തനിക്കും ഇതിനോട് എതിർപ്പുണ്ടെന്ന് സഭ അധ്യക്ഷൻ വെങ്കയ്യനായിഡു വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡയാണ് പ്രതികരിച്ചത്.

അതേസമയം ജമ്മുകശ്മീരിൽ നിയന്ത്രണങ്ങൾ നീക്കാൻ ഇപ്പോൾ തീരുമാനമില്ലെന്ന് അമിത് ഷാ അറിയിച്ചു. സംസഥാനം സാധാരണനിലയിലെന്ന് അമിത് ഷാ പ്രസ്താവിച്ചപ്പോൾ പ്രതിപക്ഷം എതിർത്തു. കണക്കുകൾ കൊണ്ട് ഖണ്ഡിക്കാൻ പ്രതിപക്ഷത്തെ അമിത് ഷാ വെല്ലുവിളിച്ചു.

ജമ്മുകശിമീരിലെ സ്ഥിതിയിൽ പ്രത്യേക ചർച്ച നടത്താമെന്ന് വെങ്കയ്യനായിഡു അറിയിച്ചു. കേരളത്തിൽ കെഎസ് യു മാർച്ചിനെതിരായ പൊലീസ് നടപടിയിൽ യുഡിഎഫ് എംപിമാർ അടിയന്ത്രപ്രമേയ നോട്ടീസ് നല്കിയെങ്കിലും സ്പീക്കർ തള്ളി.