Asianet News MalayalamAsianet News Malayalam

കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം പാർലമെന്റിൽ ശക്തമാക്കി പ്രതിപക്ഷം

ബ്രിട്ടീഷുകാർക്കു പോലും കർഷകസമരങ്ങൾക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗുലാംനബി ആസാദ് മുന്നറിയിപ്പ് നൽകി. ശശി തരൂരിനും മാധ്യമപ്രവർത്തകർക്കുമെതിരായ കേസെടുക്കുന്നത് പ്രധാനമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ആവശ്യം.

opposition protest in parliament over farmers issue
Author
Delhi, First Published Feb 3, 2021, 1:16 PM IST

ദില്ലി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം പാർലമെന്റിൽ ശക്തമാക്കി പ്രതിപക്ഷം. നിയമങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയ ആം ആദ്മി പാർട്ടി എംപിമാരെ ഒരു ദിവസത്തേക്ക് പുറത്താക്കി. ചർച്ചയ്ക്കുള്ള സമയം പതിനഞ്ചു മണിക്കൂറായി കൂട്ടിയതിനെ തുടർന്ന് നന്ദിപ്രമേയം പരിഗണിക്കാൻ പ്രതിപക്ഷം സമ്മതിച്ചു. രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂരും മാധ്യമപ്രവർത്തകരും സുപ്രീം കോടതിയെ സമീപിച്ചു.

ശശി തരൂർ ഉൾപ്പടെയുള്ളവർക്കെതിരായ കേസ് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എഎപി എംപിമാർ നടുത്തളത്തിലേക്ക് നീങ്ങിയത്. നന്ദിപ്രമേയ ചർച്ച അനുവദിക്കാൻ പ്രതിപക്ഷം ധാരണയിൽ എത്തിയതിനു ശേഷമായിരുന്നു ഈ ബഹളം. കാർഷിക വിഷയം വിശദമായി ഉന്നയിക്കാൻ നന്ദിപ്രമേയ ചർച്ച പത്തിൽ നിന്ന് പതിനഞ്ച് മണിക്കൂറാക്കാൻ സർക്കാർ സമ്മതിച്ചു. 

ബ്രിട്ടീഷുകാർക്കു പോലും കർഷകസമരങ്ങൾക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗുലാംനബി ആസാദ് മുന്നറിയിപ്പ് നൽകി. ചെങ്കോട്ട അക്രമം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. എന്നാൽ നിരപരാധികൾക്കെതിരെ കേസെടുക്കുന്നത് പ്രധാനമന്ത്രി ഇടപെട്ട് തിരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ശശി തരൂർ രാജ്യദ്രോഹിയാണെങ്കിൽ നമ്മളെല്ലാവരും രാജ്യദ്രോഹികളാണെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

കാർഷികനിയമങ്ങൾ കർഷകനന്മയ്ക്കെന്ന് ശക്തമായി വാദിച്ചാണ് ബിജെപി എംപി ഭുവനേശ്വർ കലിത ചർച്ച തുടങ്ങി വച്ചത്. കെ സി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ തുടങ്ങിയവർ നന്ദിപ്രമേയത്തിൽ കർഷക സമരം പരാമർശിക്കണമെന്ന ഭേദഗതി വച്ചു.

Follow Us:
Download App:
  • android
  • ios