പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്ത് പ്രതിപക്ഷം; പൊലീസിലും പരാതി
കോൺഗ്രസും, സിപിഎമ്മും, തൃണമൂല്‍ കോൺഗ്രസും അടക്കമുള്ള പ്രധാന പ്രതിപക്ഷങ്ങളെല്ലാം തന്നെ പ്രസംഗത്തിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നാണ് കഴിഞ്ഞ ദിവം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്തുനില്‍ക്കുകയാണ് പ്രതിപക്ഷം. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
ദില്ലി പൊലീസിനും പ്രസംഗത്തിന്‍റെ പേരില്‍ പരാതിയെത്തിയിട്ടുണ്ട്. സിപിഎം ആണ് ദില്ലി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. എന്നാലീ പരാതി സ്റ്റേഷനില്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കമ്മീഷ്ണര്‍ക്ക് അയച്ചുകൊടുത്തു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് മോദിയെ വെട്ടിലാക്കിയിരിക്കുന്നത്. കോൺഗ്രസ്, ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും, കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ആ സമ്പത്ത് കൊടുക്കേണ്ടതുണ്ടോ എന്നുതുടങ്ങുന്ന മോദിയുടെ പരാമര്‍ശങ്ങളാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്.
കോൺഗ്രസും, സിപിഎമ്മും, തൃണമൂല്‍ കോൺഗ്രസും അടക്കമുള്ള പ്രധാന പ്രതിപക്ഷങ്ങളെല്ലാം തന്നെ പ്രസംഗത്തിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നാണ് കഴിഞ്ഞ ദിവം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷൻ മറുപടി നല്‍കിയിരുന്നില്ല.
ഇപ്പോള്‍ കമ്മീഷൻ നടപടിയെടുത്തേ മതിയാകൂ എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. അതേസമയം പ്രസംഗം വിവാദത്തിലായ സാഹചര്യത്തില്‍ മുസ്ലീങ്ങള്‍ക്കായി പല നല്ല കാര്യങ്ങളും ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് പിന്നീട് അലിഗഢില്‍ മോദി പ്രസംഗിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-