ദില്ലി: പ്രതിഷേധം കടുക്കുമ്പോഴും മന്ത്രി കെ ടി ജലീലിനെ പൂർണ്ണമായി പിന്തുണച്ച് സിപിഎം. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. അതേസമയം, ജലീലിന്റെ രാജി ആവശ്യത്തിൽ ഉറച്ച് യുഡിഎഫും ബിജെപിയും ശക്തമായ പ്രതിഷേധം തുടരുകയാണ്.  

ജലീലിന്റെ രാജിക്കായി രാഷ്ട്രീയ പ്രതിഷേധം കത്തിപ്പടരുമ്പോഴും മന്ത്രിക്കൊപ്പം നിലയുറപ്പിക്കുകയാണ് സിപിഎം. ചോദ്യം ചെയ്യൽ നിയമപരമായ സാധാരണ നടപടി മാത്രമെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി തന്നെ മന്ത്രിക്ക് പാർട്ടി പരിരക്ഷ ഉറപ്പ് നൽകി. വിവാദം രാഷട്രീയ പ്രേരിതമെന്ന് അഭിപ്രായപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെയും പരസ്യമായ വിമർശനം ഉന്നയിച്ചു. രാജ്യവ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയത് അസാധാരണമാണെന്നും ബാഗേജ് അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സിപിഎം വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. 

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രചരണങ്ങളാണ് കേരളത്തിൽ പ്രതിപക്ഷം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ബിജെപിയുടെ ബി ടീമായിട്ടാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പ്രവര്‍ത്തിക്കുന്നത് എന്നാണ് സിപിഎം വിമര്‍ശിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു. ജലീലിനെ ചോദ്യം ചെയ്തത് നിയമപരമായ നടപടി മാത്രമാണെന്നും യെച്ചൂരി പറ‍ഞ്ഞു. കമറുദീന് എതിരായ ആക്ഷേപങ്ങളിൽ നിന്നും ജലീൽ വിഷയം ഉന്നയിച്ച് ശ്രദ്ധ മാറ്റാനാണ് യുഡിഎഫ് ശ്രമമെന്ന് യെച്ചൂരി ആരോപിച്ചു. കേരളത്തിൽ സർക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്‍റെയും ശ്രമങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും സിപിഎം വിമര്‍ശിച്ചു. 

അതേസമയം, ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ മാത്രം രാജി ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നായിരുന്നു മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്റേയും എംഎം മണിയുടേയും പ്രതികരണം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേര് ഉയർന്നു വന്നതിൽ അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഇക്കാര്യം പരസ്യമാക്കേണ്ടതില്ലെന്നാണ് സിപിഐ നിലപാട്. എന്നാൽ, രാജിയിൽ കുറഞ്ഞൊന്നും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ പ്രശ്നം സജീവമമാക്കി നിർത്താനാണ് പ്രതിക്ഷ തീരുമാനം. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലെ രണ്ട് വരിയിൽ പ്രതികരണമൊതുക്കിയ ജലീൽ കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല.