നോട്ട് നിരോധന സമയത്ത് ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്സൈറ്റ് നടത്തിയ ഒളിക്യാമാറ ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണ് ദില്ലിയില്‍ പ്രതിപക്ഷ നേതാക്കള്‍ പുറത്ത് വിട്ടത്.
ദില്ലി: നോട്ടു നിരോധന സമയത്ത്, 40 ശതമാനം വരെ കമീഷന്‍ വാങ്ങി അഹമ്മദാബാദിലെ ബിജെപി ഓഫീസില്‍ അസാധു നോട്ടുകള്‍ മാറ്റിക്കൊടുത്തെന്ന് പ്രതിപക്ഷ ആരോപണം. പണത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടവേ, ബിജെപി ഓഫീസില്‍ 50 കോടി രൂപ സൂക്ഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദില്ലിയില്‍ പ്രതിപക്ഷം പുറത്ത് വിട്ടു. നോട്ട് നിരോധന സമയത്ത് ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്സൈറ്റ് നടത്തിയ ഒളിക്യാമാറ ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണ് ദില്ലിയില്‍ പ്രതിപക്ഷ നേതാക്കള്‍ പുറത്ത് വിട്ടത്.
സ്റ്റിംഗ് ഓപ്പറേഷന്‍ നടന്നത് 2017 ജനുവരിയിലാണ്. നൂറ് കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റാനെന്ന പേരില്‍ ഒരു ബിജെപി നേതാവിനെ പഞ്ചനക്ഷത്രഹോട്ടില്‍ സമീപിച്ചു. തുടര്‍ന്ന് മറ്റൊരാള്‍ക്കൊപ്പം ഗാന്ധിനഗറില്‍ പാര്‍ട്ടി ഓഫീസിലേക്ക് ചെന്നു.പുതിയ നോട്ടുകള്‍ എത്രവേണമെങ്കിലം തരാം, 40 ശതമാനം കമീഷന്‍ വേണമെന്നാണ് ആവശ്യം.
ഓഫീസിനുള്ളില്‍ അടുക്കിവെച്ചിരിക്കുന്ന പുതിയ നോട്ടുകളും ദൃശ്യങ്ങളില്‍ കാണാം. 50 കോടിരൂപയുണ്ടെന്നാണ് നേതാവ് പറയുന്നത്. മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ട് മുതല്‍ ജനം നോട്ടുകള്‍ക്കായി തെരുവില്‍ അലയുമ്പോള്‍ ഈ പണം ബിജെപിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
"
