പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി സർക്കാർ. ഓഗസ്റ്റിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറാക്കാൻ സമിതിയെ രൂപീകരിച്ചു. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുസിസി കരട് ബിൽ ജൂലൈ രണ്ടിന് സംസ്ഥാന മന്ത്രിസഭ പരിഗണിക്കും. ഇതിന് ശേഷം ഓഗസ്റ്റിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സുവേന്ദു അധികാരി സഭയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുസിസി ബില്ലിന്റെ കരട് തയ്യാറാക്കാൻ ഒരു സമിതിയെയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. നിയമ വിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ സമിതിയിൽ അംഗങ്ങളായിരിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് ഒരു മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ഈ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ഓഗസ്റ്റിൽ ബിൽ സഭയിൽ കൊണ്ടുവരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുസിസി നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. എന്തുവന്നാലും ബംഗാളിൽ യുസിസി നടപ്പാക്കുമെന്നും യുസിസി ബിൽ അവതരിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, തിങ്കളാഴ്ച പശ്ചിമ ബംഗാൾ നിയമസഭ മറ്റൊരു പ്രധാനപ്പെട്ട ബില്ലും പാസാക്കി. 'പശ്ചിമ ബംഗാൾ പൊതുസുരക്ഷയും സാമൂഹിക വിരുദ്ധ പ്രവർത്തന നിയന്ത്രണവും ബിൽ, 2026' ആണ് സഭ പാസാക്കിയത്. 176 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 41 പേർ എതിർത്തു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലാതാക്കാനും ഭരണകൂടത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ പുതിയ നിയമം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമായതിനാലാണ് പുതിയ ചട്ടക്കൂട് വേണ്ടിവന്നതെന്നാണ് സർക്കാർ വാദം.