വിദഗ്ധ സമിതിയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സിബിഎസ്ഇ ധൃതിപിടിച്ച് ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം നടപ്പാക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായെന്ന് റിപ്പോർട്ടുകൾ. ട്രയൽ റണ്ണിൽ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന ശുപാർശ ബോർഡ് തള്ളുകയായിരുന്നു.
ദില്ലി: ഒഎസ്എം മാർക്കിംഗ് രീതി (ഓണ്‍ സ്ക്രീൻ മാർക്കിങ്) നടപ്പാക്കുന്നത് ഒരു കൊല്ലത്തേക്ക് മാറ്റിവയ്ക്കണം എന്ന വിദഗ്ധരുടെ റിപ്പോർട്ട് സിബിഎസ്ഇ തളളിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് വ്യക്തമായി. പ്രധാന സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി നല്കിയ ശുപാർശ അവഗണിച്ചാണ് പുതിയ പരീക്ഷണം നടപ്പാക്കിയത്. കേന്ദ്രം നിയോഗിച്ച രാധ ചൗഹാൻ സമിതി സിബിഎസ്ഇ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ്, ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക്കിയത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് നിലവിൽ പുറത്തു വരുന്നത്. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ദില്ലിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ നടത്തുന്ന സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൾമാർ അടക്കം പ്രതിനിധികൾ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചു. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കി. എന്നാൽ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.
ചില ഉത്തരങ്ങൾക്ക് മാർക്ക് കൂട്ടി നൽകുമ്പോൾ അത് കുറവായി രേഖപ്പെടുത്തുന്നു, നൽകിയ മാർക്ക് യഥാർത്ഥമായി സ്ക്രീനീൽ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തിൽ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കിൽ ഒന്നിന് മാത്രമേ മാർക്ക് നൽകാൻ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാർക്ക് എല്ലാം രേഖപ്പെടുത്തിയാലും കംപ്യൂട്ടറിൽ ചിലത് വിട്ടുപോകുന്നു, ബ്ലാങ്കായ പേജുകൾക്ക് വരെ മാർക്ക് ഇടാൻ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അന്ന് രേഖപ്പെടുത്തി. ഇക്കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി ബോർഡിനെ ധരിപ്പിച്ചു. ഒപ്പം ഒഎസ്എം ഒരു കൊല്ലമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാർശയും ഇവർ നൽകി. എന്നാൽ ബോർഡ് ഇതിന് തയ്യാറായില്ല. പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം ഒഎസ്എം നടപ്പാക്കണം എന്ന നിർദ്ദേശവും സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും അംഗീകരിച്ചില്ല.
ഇതിനിടെ സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള പുതിയ വെബ്സൈറ്റിനെതിരായ സൈബർ ആക്രമണത്തിൽ സൈബർ ക്രൈം കോഡിനേഷൻ സെൻറർ നടപടി തുടങ്ങി. പോർട്ടലിൽ കടന്നുകയറാൻ പല തവണ ശ്രമം നടന്നു എന്നാണ് കണ്ടെത്തൽ. കേന്ദ്രം നിയോഗിച്ച രാധാ ചൗഹാൻ സമിതി സിബിഎസ്ഇ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഒഎസ്എം കരാർ നൽകിയതിലെ ടെൻഡർ നടപടികളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പരീക്ഷ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്. കോക്ക്റോച്ച് ജനത പാർട്ടി ശനിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിന് പൗരവകാശ പ്രവർത്തകൻ സോനം വാങ്ചുക്ക് പിന്തുണ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി എടുത്ത് തൽക്കാലം വിദ്യാഭ്യാസ മന്ത്രിയെ ഭരണ നേതൃത്വം സംരക്ഷിക്കുകയാണ്.

