ലക്നൌ: ഉത്തര്‍പ്രദേശില്‍  ക്ഷേത്രത്തിനുള്ളില്‍ വച്ച് നിസ്കരിച്ചതിന് നാലുപേര്‍ക്കെതിരെ കേസ്. മഥുര ജില്ലയിലെ നന്ദ് മഹല്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് നമാസ് അനുഷ്ഠിച്ചതിനാണ് കേസ്. ഇവരില്‍ ഒരാളായ ഫൈസല്‍ ഖാനെ തിങ്കളാഴ്ച ദില്ലിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഖുദായി ഖിദ്മാത്കര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ക്ഷേത്രത്തിനുള്ളില്‍ നമസ്കരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് കേസെടുത്തത്. മതമൈത്രിയുടെ അടയാളമെന്ന നിലയിലാണ് ചിത്രം പങ്കുവച്ചത്. ചാന്ദ് മുഹമ്മദ്, അലോക് രതന്‍, നിലേഷ് ഗുപ്ത എന്നിവരാണ് ഇയാള്‍ക്കൊപ്പം നമാസ് അനുഷ്ഠിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊതു ഇടങ്ങളിലെ അപമര്യാദയായ പെരുമാറ്റത്തിലൂടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാനുള്ള ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. 

മഥുരയിലെ ബര്‍സന പൊലീസാണ് ക്ഷേത്രത്തിന്‍റെ സൂക്ഷിപ്പുകാരന്‍റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ക്ഷേത്രം ഗംഗാ ജലമുപയോഗിച്ച് ശുദ്ധീകരിച്ചതായാണ് ക്ഷേത്ര ഭാരവാഹികള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. ഒക്ടോബര്‍ 29നാണ് വിവാദമായ സംഭവങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നമസ്കരിച്ച രണ്ട് പേര്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ക്ഷേത്രത്തിനുള്ളില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളതിനാലാണ് ഇവരെയും കയറാന്‍ അനുവദിച്ചതെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയ ഇവര്‍ ഉച്ച കഴിഞ്ഞതോടെ നമാസ് അനുഷ്ഠിക്കുകയായിരുന്നുവെന്നാണ് പരാതി. 

ഞായറാഴ്ച ഈ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ക്ഷേത്ര ജീവനക്കാരില്‍ ചിലരുടെ അനുമതിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ നമസ്കരിച്ചതെന്നാണ് ഖുദായി ഖിദ്മാത്കര്‍ വക്താവ് പവന്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഈ വാദം ക്ഷേത്ര ഭാരവാഹികള്‍ നിഷോധിച്ചു. എന്നാല്‍ കൃഷ്ണ ഭക്തനാണെന്ന് പറഞ്ഞാണ് ഖാന്‍ ക്ഷേത്രത്തില്‍ കയറിയത്. ഇതിനായി ഇയാള്‍ ശ്ലോകങ്ങള്‍ ചൊല്ലിയിരുന്നുവെന്നും ക്ഷേത്ര സൂക്ഷിപ്പുകാരന്‍ മുകേഷ് ഗോസ്വാമി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.