കൊൽക്കത്ത : ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എന്ന സൈനിക വിഭാഗത്തിനാണ് ഇന്ത്യയിൽ അതിർത്തി സംരക്ഷത്തിന്റെ ചുമതല. കഴിഞ്ഞ ഒരുമാസമായി, അതായത് പൗരത്വ നിയമ ഭേദഗതി (CAA) നടപ്പിലാക്കിയ ശേഷം ഇന്ത്യയിലെ പല നഗരങ്ങളിലായി പല തൊഴിലുകളിലും ഏർപ്പെട്ട് കഴിഞ്ഞു കൂട്ടുന്ന ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ കൂട്ടം കൂട്ടമായി അതിർത്തി കടന്നു തിരിച്ചു പോവുന്നതായി ബിഎസ്എഫ്  അറിയിച്ചതായി റിപ്പോർട്ട്. ബിഎസ്എഫിലെ ഒരു ഉന്നതാധികാരിയെ ഉദ്ധരിച്ചുകൊണ്ട് പിടിഐ ആണ് ഈ വിവരം പുറത്തുവിട്ടത്. 

ഏറ്റവും അധികം തിരിച്ചുപോക്ക് നടക്കുന്നത് നോർത്ത് 24 പരാഗനാസ് ജില്ലയോട് ചേർന്നുകിടക്കുന്ന അതിർത്തി വഴിയാണെന്ന് ബിഎസ്എഫ് സൗത്ത് ബംഗാൾ ഫ്രോണ്ടിയർ ഐജി വൈ ബി ഖുറാനിയ പറഞ്ഞു." കാര്യമായ തിരിച്ചു പോക്ക് അവർക്കിടയിൽ നടക്കുന്നുണ്ട്, കഴിഞ്ഞ ആഴ്ച മാത്രം സൈന്യം പിടികൂടിയത് 268 അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെയാണ്. ബംഗ്ലാദേശികളിൽ പലരും ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് പോലുള്ള പട്ടണങ്ങളിൽ പല ചെറിയ ജോലികളും ചെയ്തുകൊണ്ട് കഴിഞ്ഞു കൂടിയിരുന്നവരാണ്. പലരും ഇപ്പോൾ തിരിച്ചു പോകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്" അദ്ദേഹം പറഞ്ഞു. ഇവരിൽ പലരും കെട്ടിടനിർമാണസഹായികളും, മേസ്തിരിമാരും, ആശാരിപ്പണിക്കരും, കൂലിപ്പണിക്കാരും, വീട്ടുവേലക്കാരും ഒക്കെയാണ്. 

പശ്ചിമ ബംഗാളിന് ബംഗ്ലാദേശുമായി ഉള്ളത് 2216.7 കിലോമീറ്റർ അതിർത്തിയാണ്. മിക്കവാറും ഭാഗത്ത് യാതൊരുവിധ വേലിയോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നിരന്തരം അനധികൃത കുടിയേറ്റങ്ങളും കഴിഞ്ഞ കുറെ കാലമായി നടക്കുന്നുണ്ട്. തിരിച്ചുപോകുന്നവരെ തടയേണ്ടതില്ല എന്നതാണ് തങ്ങൾക്ക് കിട്ടിയ നിർദേശം എന്നാണ് ബിഎസ്എഫ് പറയുന്നത്. കള്ളക്കടത്തു നിയന്ത്രിക്കുക എന്നതുമാത്രമാണ് ഇപ്പോൾ നടത്തുന്ന പരിശോധനകളുടെ ലക്‌ഷ്യം. അതിർത്തിക്ക് കുറുകെ കാര്യമായി നടക്കുന്ന കള്ളക്കടത്ത് കന്നുകാലികളുടേതാണ്. കള്ളക്കടത്തു നടത്തുന്നില്ല എന്ന് ബോധ്യപ്പെടുമ്പോൾ പട്ടാളം പിടികൂടുന്നവരെ വിവരങ്ങൾ എഴുതിയെടുത്ത ശേഷം പറഞ്ഞുവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്.