ദില്ലി: ദില്ലിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയ പി ചിദംബരത്തിനെതിരെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ട മുഖര്‍ജി രംഗത്ത്. എല്ലാ ബഹുമാനവും സൂക്ഷിച്ച് പറയട്ടെ, ബിജെപി തോല്‍പ്പിക്കുക എന്ന ദൗത്യം കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് പുറംകരാര്‍ നല്‍കിയിട്ടുണ്ടോ. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ പിന്നെന്തിനാണ് നമ്മുടെ തിരിച്ചടിയില്‍ ആശങ്കപ്പെടുന്നതിനേക്കാള്‍ എഎപിയുടെ വിജയത്തില്‍ ആഘോഷിക്കുന്നത്. അതെ എന്നാണ് ഉത്തരമെങ്കില്‍ പിസിസി അടച്ചുപൂട്ടാമെന്നും ശര്‍മിഷ്ട തുറന്നടിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അഭിനന്ദനമറിയിച്ചും ദില്ലി ജനതക്ക് നന്ദിയറിയിച്ചുമുള്ള ചിദംബരത്തിന്‍റെ ട്വീറ്റാണ് ശര്‍മിഷ്ടയെ പ്രകോപിപ്പിച്ചത്. ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ട ദില്ലി ജനത പരാജയപ്പെടുത്തിയെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്. 

ദില്ലി നിയമ സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഷീല ദീക്ഷിതിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് രണ്ടാം തവണയും ഒറ്റ സീറ്റു പോലുമില്ലാതെ പോരാട്ടം അവസാനിപ്പിച്ചത്. 66 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയ കോണ്‍ഗ്രസിന് 63 ഇടങ്ങളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. പാര്‍ട്ടിയുടെ കനത്ത തോല്‍വിയെ തുടര്‍ന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര സ്ഥാനമൊഴിഞ്ഞു.  

ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്‍ലി, ബദ്‍ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്. ലാലു പ്രസാദ് യാദവിന്‍റെ പാര്‍ട്ടിയായ ആര്‍ജെഡിയുമായി സഖ്യമായിട്ടാണ് കോണ്‍ഗ്രസ് മത്സരിച്ചത്. നാല് സീറ്റില്‍ ആര്‍ ജെ ഡിയും മത്സരിച്ചു.