Asianet News MalayalamAsianet News Malayalam

കണ്ണീർ തോരാതെ മുസഫർപൂർ: നൂറ്റിയമ്പതിലധികം കുട്ടികൾ മരിച്ചിട്ടും നടപടി എടുക്കാതെ സർക്കാർ

മുസഫര്‍പൂരില്‍ ഇത്ര വലിയ ദുരന്തം നടന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാവുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. 

over 150 children died  Due To Acute Encephalitis  In Muzaffarpur
Author
Muzaffarpur, First Published Jul 10, 2019, 7:41 AM IST

പറ്റ്ന: മസ്തിഷ്കജ്വരം ബാധിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂരിലെ വീടുകളില്‍ ഇപ്പോഴും കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. പാലോ മുട്ടയോ മത്സ്യമോ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാനുള്ള വരുമാനം ഇല്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്ന ചോദ്യം. മുസഫര്‍പൂരില്‍ ഇത്ര വലിയ ദുരന്തം നടന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാവുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ജൂൺ 16-ന് മസ്തിഷ്കജ്വരം ബാധിച്ച് നൂര്‍ ചപ്രയില്‍ അഞ്ചുവയസ്സുകാരി മരിച്ചിരുന്നു. നൂര്‍ ചപ്ര സ്വദേശികളായ കിഷോറിന്റെയും റാണിദേവിയുടെയും മൂന്നാമത്തെ മകളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. എന്നാൽ കുട്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ചതിന്‍റെ തലേദിവസം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അയൽവാസിയായ മഹേഷ് മഹേതോ പറഞ്ഞു. വയറിളക്കമാണ് ആദ്യം പിടിപ്പെട്ടതെന്നും പിന്നീട് പനിക്കൊപ്പം മസ്തിഷ്കജ്വരവും അനുഭവപ്പെടുകയായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.

എന്നാൽ മകളുടെ മരണത്തിന് പിന്നാലെ മറ്റ് മൂന്ന് മക്കള്‍ക്കും പാലും മുട്ടയും അടക്കമുള്ള പോഷകാഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മരിച്ച കുട്ടിയുടെ പിതാവ് രാജ് കിഷോര്‍ മാത്തൂര്‍ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും രണ്ട് റൊട്ടിയും പാലുമാണ് കൊടുക്കാറുള്ളതെന്നും രാജ് കിഷോര്‍ കൂട്ടിച്ചേർത്തു. മകള്‍ മരിച്ചപ്പോള്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നൽകിയതായും അദ്ദേ​ഹം വ്യക്തമാക്കി.

മാസം മൂവായിരമോ നാലായിരമോ മാത്രം വരുമാനം ലഭിക്കുന്നവരാണ് മുസഫർപൂരിലെ ജനങ്ങൾ. തീരെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആളുകൾ വീട്ടിൽ താമസിക്കുന്നത്. വല്ലപ്പോഴും ഉണ്ടാവുകയാണെങ്കിൽ പോഷകാഹാരം വല്ലതും കൊടുക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല വീടുകളിലും ഇതേ സ്ഥിതി തന്നെയാണെന്നും നാട്ടുകാരിയായ കിരൺ ദേവി പറഞ്ഞു.  

മാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പോഷകാഹാരം കുട്ടികള്‍ക്ക് കൊടുക്കാനാവില്ലെന്നാണ് മുസഫർപൂരിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഇത്രയേറെ കുട്ടികളുടെ ജീവനെടുത്തിട്ടും മുസഫര്‍പൂരിലെ കുട്ടികള്‍ക്ക് ഇന്നും പോഷകാഹാരം കൊടുക്കാനുളള ഒരു സംവിധാനവും സര്‍ക്കാർ ഒരുക്കിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്. 

Follow Us:
Download App:
  • android
  • ios