രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി.
ദില്ലി: രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദായി.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയടക്കമുള്ള സ്ഥാപനങ്ങളടെ ലൈസന്‍സാണ് റദ്ദായത്. മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ ലൈസന്‍സ് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.
ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ . തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ... ഇങ്ങനെ പല കാരണങ്ങളാൽ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി. ജാമിയ മിലിയ ഇസ്ലാമിയ, നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍റ് ടെലിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും ലൈസന്‍സ് റദ്ദായവയുടെ പട്ടികയില്‍ പെടുന്നു.
ഇന്ന് മുതല്‍ ഈ സംഘടനകള്‍ക്ക് വിദേശ സഹായം സ്വീകരിക്കാനാവില്ല. പന്ത്രണ്ടായിത്തിലധികം സംഘടനകള്‍ക്ക് ലൈസന്‍സ് റദ്ദായി എന്ന വിവരമാണ് വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടതെങ്കിലും മുന്‍വര്‍ഷങ്ങളില്‍ ലൈസന്‍സ് റദ്ദായവയുടെ കൂടി ഉള്‍പ്പെടുത്തിയ കണക്കാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ സെപ്റ്റംബര്‍ 29നും വരുന്ന മാര്‍ച്ച് 31നുമായി ലൈസന്‍സ് കാലാവധി കഴിയുന്ന സംഘടനകള്‍ക്ക് മാര്‍ച്ച് 31 വരെ പുതുക്കാനുള്ള സമയം ആഭ്യന്തരമന്ത്രാലയം അനുവദിച്ചിരുന്നു. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നല്കാം. ഈ പശ്ചാത്തലത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കും അപ്പീൽ നല്കാമെങ്കിലും തീർപ്പാകുന്നതു വരെ വിദേശസംഭാവന സ്വീകരിക്കാനാവില്ല.
