ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ചയ്ക്ക്  തയ്യാറാകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന.

എന്തിനാണ് അമിത് ഷാ അവരോട് ചര്‍ച്ചകള്‍ നടത്തുന്നത്. താനിവിടെയുണ്ടെന്നും ചര്‍ച്ചകള്‍ തന്നോട് ആകാമെന്നും ഒവൈസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകള്‍ നടത്തേണ്ടത് താടിക്കാരനുമായാണെന്നും സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഒവൈസി പറഞ്ഞു. 

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ലഖ്നൗവില്‍ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയില്‍ അമിത് ഷാ പറഞ്ഞിരുന്നു. നിങ്ങള്‍ കഴിയും വിധം പ്രതിഷേധിച്ചോളൂ. പക്ഷേ സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

Read More: 'നിങ്ങള്‍ക്ക് കഴിയുംവിധം പ്രതിഷേധിച്ചോളൂ, സിഎഎ നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടില്ല'; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ

സിഎഎയെ സംബന്ധിച്ച് സംവാദത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ അമിത് ഷാ വെല്ലുവിളിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മൂന്ന് മാസത്തിനകം ആരംഭിക്കും. ആകാശം മുട്ടുന്ന ക്ഷേത്രമായിരിക്കും നിര്‍മിക്കുക. സിഎഎ നടപ്പാക്കുന്നത് ആരുടെയും പൗരത്വം എടുത്ത് കളയാനല്ലെന്നും കോണ്‍ഗ്രസ്, ബിഎസ്‍പി, എസ്‍പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചിരുന്നു.