Asianet News MalayalamAsianet News Malayalam

ശിവസേനയുടെ ബുർഖ നിരോധന പരാമർശത്തെ നിശിതമായി വിമർശിച്ച് അസദുദ്ദീൻ ഒവൈസി


ശ്രീലങ്കയുടെ പാത പിന്തുടർന്ന് ഇന്ത്യയിലും ബുർഖാ നിരോധനം ഏർപ്പെടുത്തണമെന്നുള്ള ശിവസേനയുടെ ആവശ്യത്തെ ശുദ്ധ  'അസംബന്ധം' എന്നാണ് ഒവൈസി വിശേഷിപ്പിച്ചത്. 'CHOICE' എന്നത് ഇപ്പോൾ ഒരു മൗലികാവകാശമാണ് എന്നത്  ശിവസേന മറക്കരുത്  എന്ന് അദ്ദേഹം  ഓർമ്മിപ്പിച്ചു

Owaisi lashes out against Shivsena regarding Burqa ban demand
Author
Hyderabad, First Published May 1, 2019, 2:38 PM IST

ഹൈദരാബാദ്  :  ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ ഇന്ത്യയിൽ ബുർഖ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഴുതിയ മുഖപ്രസംഗത്തെ AIMIM നേതാവായ അസദുദ്ദിൻ  ഒവൈസി അതിനിശിതമായി വിമർശിച്ചു. ശിവസേനയുടെ ഈ പ്രതികരണത്തെ 'അസംബന്ധം' എന്നാണ് ഒവൈസി വിശേഷിപ്പിച്ചത്. ഹൈദരാബാദിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ക്രിമിനൽ നിയമത്തിലെ '377' വകുപ്പ്  സുപ്രീം കോടതി റദ്ദാക്കി എന്നതും    'CHOICE' എന്നത് ഇപ്പോൾ ഒരു മൗലികാവകാശമാണ് എന്നതും ഒന്നും ശിവസേന മറക്കരുത്  എന്നദ്ദേഹം ഓർമ്മിപ്പിച്ചു.  എന്ത് വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനല്ല അവകാശം ഓരോ ഇന്ത്യൻ പൗരനും  നമ്മുടെ ഭരണഘടന നൽകുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാനുള്ള അധികാരമൊന്നും ആരും ശിവസേനയ്ക്ക് ചാർത്തിക്കൊടുത്തിട്ടില്ല എന്നും ഒവൈസി പറഞ്ഞു.

മറ്റുള്ള രാജ്യങ്ങളിലെ നിയമങ്ങളെപ്പറ്റി താനൊന്നും പറയുന്നില്ല എന്നും ഇന്ത്യൻ ഭരണഘടന എന്നത് ശിവസേനയ്ക്ക് ഒരുകാലത്തും മനസ്സിലാവാത്ത ഒരു നിയമാവലിയാണ് എന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു വെച്ചു.  ഒരു സമുദായത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന ഈ ലേഖനം  മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും,  വിഷയത്തിൽ ശിവസേനയ്‌ക്കെതിരെ  കർശനമായ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.  
 
ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലൂടെ, പ്രധാനമന്ത്രി മോദി, എത്രയും പെട്ടെന്ന് ബുർഖ നിരോധിക്കാനുള്ള ഉത്തരവിറക്കണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബുർഖ ദേശീയ സുരക്ഷയ്ക്ക് ആപത്താണെന്നും, അതിനാൽ, ശ്രീലങ്കയുടെ പാത പിൻതുടർന്ന് അത് എത്രയും പെട്ടെന്ന് നിരോധിക്കണം എന്നുമായിരുന്നു ഈ ലേഖനത്തിലൂടെ ശിവസേന എൻഡിഎയിലെ അവരുടെ സഖ്യകക്ഷികൾ കൂടിയായ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിൽ  ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ക്കും ഈയിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എംപിയായ ആഷു മരസിംഗയാണ് ആദ്യം ആവശ്യപ്പെട്ടത്. ശ്രീലങ്കയുടെ ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്ലീങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു ഉത്തരവാണിത്. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ നടന്ന ആക്രമണത്തില്‍ 360-ഓളം പേര്‍ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്തരത്തിൽ ഒരു സുരക്ഷാ മുൻകരുതൽ സർക്കാർ നടപ്പിലാക്കിയത്. 

Owaisi lashes out against Shivsena regarding Burqa ban demand

മുത്തലാഖ് പോലെ എത്രയോ മുമ്പുതന്നെ  ഇന്ത്യയിൽ നിരോധിക്കപ്പെടേണ്ട ഒന്നായിരുന്നു ബുർഖയുമെന്നാണ് ശിവസേനയുടെ പക്ഷം. രാവണരാജ്യമായ ലങ്കയ്ക്ക് നേർദിശയിലുള്ള ഈ നടപടി നടപ്പിലാക്കാനുള്ള ധൈര്യമുണ്ടെങ്കിൽ രാമരാജ്യമായ ഇന്ത്യയ്ക്കെന്തേ അതിനുള്ള ആർജ്ജവമില്ലാത്തത് എന്നും അവർ സാമ്‌നയിലൂടെ ചോദിച്ചിരുന്നു. ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തുന്ന അത്രയും ധൈര്യം ഇതിനും വേണമെന്നാണ് അവർ പറയുന്നത്. രായ്ക്കുരാമാനം ബുർഖയടക്കം മുഖം മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിക്കാൻ ധൈര്യം കാണിച്ച ശ്രീലങ്കൻ പ്രസിഡന്റ് സിരിസേനയെ സാമ്‌ന അഭിനന്ദിക്കുകയുണ്ടായി. 

Follow Us:
Download App:
  • android
  • ios