ദില്ലി: ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ 26 ഇന്ത്യൻ വാക്കുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആധാർ, ഹർത്താൽ, ചാവൽ (കെട്ടിടം), ഷാദി (വിവാഹം) തുടങ്ങിയ വാക്കുകൾ‌ ഇതിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ പത്താം പതിപ്പിൽ ആകെ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളാണുള്ളത്.

പുതിയ പതിപ്പിൽ ചാറ്റ്ബോട്ട്, ഫേക്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങി ആയിരത്തിലധികം പുതിയ വാക്കുകളും ഉൾ‌പ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉൾപ്പെടുത്തിയ 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷണറിയിലും ബാക്കിയുള്ള നാലെണ്ണം ഡിജിറ്റൽ ഡിക്ഷണറിയിലുമാണുള്ളത്. കറന്റ്, ലൂട്ടർ (loote), ലൂട്ടിങ്, ഉപജില്ല എന്നിവയാണ് ‍ഡിജിറ്റൽ ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ. വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഓക്സ്ഫോർഡ് ഡിക്ഷണറി ലഭ്യമാകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി‌ (വിദ്യാഭ്യാസ വിഭാഗം) എംഡി ഫാത്തിമ ദാദ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

77 വർഷമായി ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ വാക്കുകളും അർത്ഥങ്ങളും ശേഖരിച്ച് വയ്ക്കുന്നു. 1942ൽ ജപ്പാനിലാണ് ഓക്ഫോർഡ് ഡിക്ഷണറി ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1948ൽ ഡിക്ഷണറി ഓക്സ്ഫോർഡ് ഡിക്ഷണറി പ്രസ്സിൽ അച്ചടിക്കാൻ തുടങ്ങി.