Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിന്‍ പരീക്ഷണം ശാരീരിക പ്രശ്നം ഉണ്ടാക്കി; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി

നവംബര്‍ 21നാണ് നോട്ടീസ് അയച്ചത് എന്ന് നോട്ടീസ് അയച്ച വ്യക്തിക്ക് നിയമ സഹായം നല്‍കുന്ന സ്ഥാപനം വ്യക്തമാക്കി. ഞങ്ങളുടെ കക്ഷിക്ക് ഇപ്പോള്‍ സംഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍‍ക്കും, ഭാവിയില്‍ അയാള്‍ അനുഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാകണം

Oxford vaccine: Chennai man seeks Rs 5 crore for illness after shot DCGI begins probe
Author
Chennai, First Published Nov 29, 2020, 5:53 PM IST

ചെന്നൈ: കൊവിഡ് വാക്സിന്‍ പരീക്ഷണം കുത്തിവയ്പ്പ് എടുത്തതിന് ശേഷം നാഡീസംബന്ധിയായും മറ്റും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുവെന്ന് ആരോപിച്ച് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്ത്. ചെന്നൈ നിവാസിയും 40 വയസുകാരനുമായ ബിസിനസ് കണ്‍സള്‍ട്ടന്‍റാണ് ഒക്സ്ഫോഡ് -അസ്ട്ര സനേക വാക്സിന്‍ പരീക്ഷണം ഡോസ് എടുക്കാന്‍ സന്നദ്ധനായത്. പൂനെ ആസ്ഥാനമാക്കിയുള്ള സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ പരീക്ഷണം സംഘടിപ്പിക്കുന്നത്.

എന്നാല്‍ വാക്സിന്‍ എടുത്ത ശേഷം ശരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, അസ്ട്ര സനേക സിഇഒ, ഓക്സ്ഫോര്‍ഡ് വാക്സിന്‍ ട്രയല്‍ ഇന്‍വസ്റ്റിഗേറ്റര്‍ എന്നിങ്ങനെ വിവിധ കക്ഷികള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ 21നാണ് നോട്ടീസ് അയച്ചത് എന്ന് നോട്ടീസ് അയച്ച വ്യക്തിക്ക് നിയമ സഹായം നല്‍കുന്ന സ്ഥാപനം വ്യക്തമാക്കി. ഞങ്ങളുടെ കക്ഷിക്ക് ഇപ്പോള്‍ സംഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍‍ക്കും, ഭാവിയില്‍ അയാള്‍ അനുഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാകണം -നിയമ സ്ഥാപനം പറയുന്നു. നോട്ടീസ് ലഭ്യമായി രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം വരണമെന്നാണ് നോട്ടീസില്‍‍ പറയുന്നത്.

ഇതിനൊപ്പം തന്നെ വാക്സിന്‍റെ ടെസ്റ്റിംഗും, നിര്‍മ്മാണവും വിതരണവും നിര്‍ത്തിവയ്ക്കാനും നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്. മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് കക്ഷി നിയമനടപടിയിലേക്ക് നീങ്ങിയതെന്നും. ഇതിന്‍റെ ചിലവും ബന്ധപ്പെട്ട കക്ഷികള്‍ വഹിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. കഴിഞ്ഞ ഒക്ടോബര്‍ 1നാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷനില്‍‍ വച്ച് പരാതിക്കാരന്‍ വാക്സിന്‍ സ്വീകരിച്ചത്. 

സംഭവത്തില്‍ പ്രഥമിക അന്വേഷണം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ കൃത്യമായ തെളിവുകളും പരിശോധനകളും കൂടാതെ ഇപ്പോഴത്തെ വാക്സിന്‍ പരീക്ഷണമാണ് ഒരാളില്‍ പ്രശ്നം ഉണ്ടാക്കിയത് എന്ന് പറയാന്‍ കഴിയില്ല എന്ന നിലപാടിലാണ് അധികൃതര്‍. സംഭവത്തില്‍ കാത്തിരുന്നുള്ള അന്വേഷണമാണ് വേണ്ടതെന്നും, തിരക്കിട്ട നിഗമനങ്ങള്‍ ശരിയല്ലെന്നുമാണ് ഐസിഎംആര്‍ എപ്പിഡെമോളജി ആന്‍റ് കമ്യൂണിക്കബിള്‍ ഡിസീസ് ഡിവിഷന്‍ മേധാവി ഡോ.സമീരിയന്‍ പാണ്ഡേ പിടിഐയോട് പ്രതികരിച്ചത്. 

നേരത്തെ ഡിസിജിഐ സെറം ഇന്‍സ്റ്റ്യൂട്ടിനോട് സെപ്തംബര്‍ 11ന് ആഗോളതലത്തില്‍ ഓക്സ്ഫോര്‍ഡ് വാക്സിന്‍ എടുത്തവരില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടതിനാല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ ആശങ്ക പരിഹരിച്ചതോടെ സെപ്തംബര്‍ 15ന് തന്നെ ഇത് വീണ്ടും ആരംഭിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios