ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.

ചെന്നൈ: ‌‌‌തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ സര്‍ക്കാര്‍ ചികിത്സയിലായിരുന്ന പതിമൂന്ന് പേര്‍ മരിച്ചു. കൊവിഡ് ചികിത്സയിലുള്ളവരും മരിച്ചവരിലുണ്ട്. രണ്ട് മണിക്കൂറോളം പുലര്‍ച്ചെ ഓക്സിജന്‍ ലഭിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.

ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലും മറ്റ് രോഗങ്ങള്‍ക്കായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നവരുമാണ് ശ്വാസം കിട്ടാതെ മരിച്ചത്. ബുദ്ധിമുട്ട് അനുഭവപ്പെട്ട ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും നിസ്സഹാരാണെന്നായിരുന്നു മറുപടിയെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. രണ്ട് മണിക്കൂറോളം തീവ്രപരിചരണ വിഭാഗത്തിലേക്ക് ഓക്സിജന്‍ നിലച്ചു. നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ആവശ്യത്തിന് ഓക്സിജന്‍ ഉറപ്പ് വരുത്തിയിരുന്നുവെന്നും സാങ്കേതിക പ്രശ്നമാകാം കാരണമെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു. 

സംഭവത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ച മുമ്പാണ് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഏഴ് കൊവിഡ് ബാധിതര്‍ മരിച്ചത്. ചെന്നൈയില്‍ ഉള്‍പ്പടെ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്ക് ക്ഷാമം അനുഭപ്പെടുന്നുണ്ട്. സ്വാകാര്യ ആശുപത്രികളില്‍ വരെ കിടക്കകള്‍ ഒഴിവില്ല. കൂടുതല്‍ താത്കാലിക ചികിത്സാകേന്ദ്രങ്ങള്‍ സജ്ജീകരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഓക്സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയിച്ചിരുന്നു.