ദില്ലി:ഐഎൻഎസ് മീഡി എൻഫോഴ്മെന്‍റ് കേസിൽ പി ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോൾ ചിദബരത്തിന് മുൻകൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ എൻഫോഴ്സ്മെന്‍റിന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാം. മുൻകൂര്‍ ജാമ്യം ആരുടേയും മൗലിക  അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി പറഞ്ഞു.  സിബിഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന് കനത്ത തിരിച്ചടി. 

തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എൻഫോഴ്മെന്‍റിന് കയ്യിലില്ലെന്നും പി ചിദംബരം വാദിച്ചു. എന്നാൽ ചിദംബരത്തിനെതിരായ കുറ്റങ്ങൾ മുദ്രവച്ച കവറിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയിൽ സമര്‍പ്പിച്ചിരുന്നു. ദിവസങ്ങൾ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.