മോദി എന്തെങ്കിലും വായിക്കാറുണ്ടോ എന്ന് ചോദിച്ച ചിദംബരം രാജീവ് ഗാന്ധിക്കെതിരായ ബൊഫോഴ്സ് കേസ് ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞതിനെക്കുറിച്ച് അറിയില്ലേ എന്നും ചോദിച്ചു
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയ മോദിയെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. മാന്യതയുടെ അതിരുകളെല്ലാം കടക്കുന്നതാണ് മോദിയുടെ വാക്കികളെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. 1991 ല്‍ മരണപ്പെട്ട ഒരു മനുഷ്യനെ അപമാനിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാവ് ട്വിറ്ററിലൂടെ അതിരൂക്ഷമായ വിമര്‍ശനങ്ങളും മുന്നോട്ടുവച്ചു.
മോദി എന്തെങ്കിലും വായിക്കാറുണ്ടോ എന്ന് ചോദിച്ച ചിദംബരം രാജീവ് ഗാന്ധിക്കെതിരായ ബൊഫോഴ്സ് കേസ് ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞതിനെക്കുറിച്ച് അറിയില്ലേ എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി. രാജീവ് ഗാന്ധി അഴിമതിക്കാരനാണെങ്കില്‍ കേന്ദ്രം ഭരിക്കുന്ന മോദിയും കൂട്ടരും എന്തുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ബൊഫോഴ്സ് കേസ് ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞപ്പോള്‍ ബിജെപി ഗവണ്‍മെന്‍റ് സുപ്രീം കോടതിയെ സമീപിക്കുന്നില്ല എന്ന് തീരുമാനിച്ചിരുന്നുവെന്നെങ്കിലും മോദി അറിയണമായിരുന്നു എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
