Asianet News MalayalamAsianet News Malayalam

മോദി സര്‍ക്കാരിനെതിരെ ഒളിയമ്പുമായി ചിദംബരം; അറസ്റ്റിന് ശേഷമുള്ള ആദ്യ പ്രതികരണം ഇങ്ങനെ

രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വ‍ർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്

P Chidambaram first response after arrest
Author
Delhi, First Published Sep 3, 2019, 6:02 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്ത് വന്നപ്പോഴാണ് അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങള്‍ ചിദംബരത്തോട് ചോദ്യം ഉന്നയിച്ചത്. 15 ദിവസത്തെ സിബിഐ കസ്റ്റഡിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.

ഇതിന് മറുപടിയായി അഞ്ച് ശതമാനം എന്ന് മാത്രമാണ് ചിദംബരം മറുപടി പറഞ്ഞത്. ഇതോടെ എന്താണ് ആ അഞ്ച് ശതമാനം എന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. അഞ്ച് ശതമാനം എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ലേയെന്നാണ് ഇതിനോട് ചിദംബരം പ്രതികരിച്ചത്.

രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വ‍ർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് ഏപ്രിൽ - ജൂൺ കാലത്തെ ജിഡിപി വളർച്ചാ നിരക്ക് പുറത്തുവിട്ടത്. ജിഡിപി നിരക്കിലുണ്ടായ ഇടിവിനെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിനെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ മോദി സര്‍ക്കാരിനെതിരെ ചിദംബരം ഒളിയമ്പ് ഏയ്തത്.

വളർച്ചാ നിരക്കിലെ കുറവ് ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് തന്‍റെ അറസ്റ്റിന് പിന്നിലുള്ളതെന്ന് അര്‍ത്ഥമാക്കുന്നതാണ് ചിദംബരത്തിന്‍റെ പ്രതികരണം. അതേസമയം,  മുൻ ധനമന്ത്രി പി ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും. സുപ്രീംകോടതിയിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ ഇനി വേണ്ടെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി സിബിഐ കസ്റ്റഡിയിൽത്തന്നെ വിടാൻ ഉത്തരവിടുകയായിരുന്നു.

ഞങ്ങൾക്കിനി ചിദംബരത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ചോദ്യം ചെയ്യൽ അവസാനിച്ചു. ഇനി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ'', എന്ന് കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സിബിഐയുടെ റിമാൻഡിനെതിരായി ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത്. എന്നാൽ ചിദംബരം സിബിഐ കസ്റ്റഡിയിൽത്തന്നെ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. 

Follow Us:
Download App:
  • android
  • ios