Asianet News MalayalamAsianet News Malayalam

'മിസ്റ്റർ കെജ്‌രിവാൾ, ആരാണ് ദില്ലിക്കാരൻ? പ്രഖ്യാപിക്കും മുമ്പ് നിയമോപദേശം തേടിയിരുന്നോ?' പി ചിദംബരം

കേന്ദ്രത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഇന്ത്യയിലെ ഏത് ആശുപത്രിയിൽ നിന്നും ചികിത്സ നേടാമെന്നാണ് താനറിഞ്ഞിട്ടുള്ളതെന്നും ചിദംബരം വ്യക്തമാക്കി.

p chidambaram questioned kejriwal government
Author
Delhi, First Published Jun 9, 2020, 12:07 PM IST

ദില്ലി: ദില്ലിക്കാരനാകാൻ വേണ്ട യോ​ഗ്യതകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്ന് കെജ്‍രിവാളിനോട് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ദില്ലി സ്വദേശികൾക്ക് വേണ്ടി മാത്രം കൊവിഡ് ചികിത്സ നൽകാനുള്ള കെജ്‍രിവാൾ സർക്കാരിന്റെ തീരുമാനത്തോട് ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് നിയമോപദേശം തേടിയിരുന്നോ എന്നും ചിദംബരം ചോദിച്ചു. 

''ദില്ലിയിലെ ആശുപത്രികൾ ദില്ലിക്കാർക്ക് മാത്രമാണെന്നാണ് കെജ്‍രിവാൾ പറയുന്നത്. ആരാണ് ദില്ലിക്കാരൻ എന്ന് ദയവ് ചെയ്ത് വ്യക്തമാക്കാമോ? ഞാൻ ദില്ലിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആളാണെങ്കിൽ എന്നെ ദില്ലിക്കാരനെന്ന് വിശേഷിപ്പിക്കാൻ സാധിക്കുമോ?'' ചിദംബരം ട്വീറ്റിൽ‌ ചോദിച്ചു. കേന്ദ്രത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഇന്ത്യയിലെ ഏത് ആശുപത്രിയിൽ നിന്നും ചികിത്സ നേടാമെന്നാണ് താനറിഞ്ഞിട്ടുള്ളതെന്നും ചിദംബരം വ്യക്തമാക്കി.

''ആയുഷ്മാൻ ഭാരത്, ജന ആരോ​ഗ്യ യോജന എന്നീ പദ്ധതികളിൽ ഉൾപ്പെട്ട വ്യക്തിയാണെങ്കിൽ ഇന്ത്യയിലെ ഏത് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ചികിത്സ തേടാൻ സാധിക്കില്ലേ? ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് കെജ്‍രിവാൾ നിയമോപദേശം തേടിയില്ലേ?'' ചിദംബരം കൂട്ടിച്ചേർത്തു. 

സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത ചില സ്വകാര്യ ആശുപത്രികളിലും ദില്ലി സ്വദേശിയായ ആളുകൾക്ക് മാത്രമായിരിക്കും ചികിത്സ ലഭ്യമാക്കുക എന്ന് കെജ്‍രിവാൾ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുളള അ‍ഞ്ചം​ഗ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരം തീരുമാനത്തിലേക്കെത്തിയതെന്ന് കെ‍ജ്‍രിവാൾ പറഞ്ഞു. അതുപോലെ ജൂൺ അവസാനമാകുമ്പോഴേയ്ക്കും 15000 കിടക്കകൾ കൊവിഡ് രോ​ഗികൾക്കായി സജ്ജീകരിക്കേണ്ടി വരുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.  ഇതുവരെ 29000 പേർക്കാണ് ദില്ലിയിൽ കൊവി‍ഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 


.

Follow Us:
Download App:
  • android
  • ios