ദില്ലി: ഇന്ത്യക്കാർ നിഷ്കളങ്കരാണെന്നും അവർ ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നും മുൻകേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി. ചിദംബരം. സർക്കാർ വാ​ഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ നിഷ്കളങ്കരാണ് എന്നായിരുന്നു പി ചിദംബരത്തിന്റെ പരിഹാസം. വേറൊരിടത്തും ഇത്തരം ആളുകളെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി. ചിദംബരം. രണ്ട് അച്ചടിമാധ്യമങ്ങളുടെ പേര് പരാമർശിച്ചതിന് ശേഷം, ഈ മാധ്യമങ്ങളിൽ എന്ത് വാർത്ത വന്നാലും ഇന്ത്യക്കാർ കണ്ണടച്ചു വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എല്ലാ ​ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും തൊണ്ണൂറ്റൊൻപത് ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നുമുള്ള സർക്കാർ പദ്ധതികളുടെ പ്രഖ്യാപനം വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്കളങ്കതയുടെ തെളിവുകൾ എന്ന് അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് കേന്ദ്രസർക്കാരിന്റെ ആരോ​ഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് സ്കീമിന്റേതും. തന്റെ ‍ഡ്രൈവറുടെ അച്ഛന്റെ സർജറിക്ക് ഈ കാർഡ് ഉപയോ​ഗിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

''ആയുഷ്മാൻ കാർഡ് ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം എന്നെ ഒരു കാർഡ് കാണിച്ചു. അതെടുക്കാനും ഹോസ്പിറ്റലിൽ കാർഡ് കാണിച്ചാൽ മതിയെന്നും ഞാൻ ഡ്രൈവറോട് പറഞ്ഞു. എന്നാൽ ഹോസ്പിറ്റലിൽ ഈ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ അങ്ങനെയൊരു വിഷയത്തെക്കുറിച്ച് അവർക്കറിയില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. ഒന്നിലധികം ഹോസ്പിറ്റലുകളിൽ ഇതായിരുന്നു അനുഭവം. എന്നാൽ ആയുഷ്മാൻ കാർഡ് പദ്ധതി ഇന്ത്യയിൽ എല്ലായിടത്തും നടപ്പിലായെന്നാണ് ഇന്ത്യക്കാർ എല്ലാവരും വിശ്വസിക്കുന്നത്.'' പി ചിദംബരം പറ‍‍ഞ്ഞു