രേഖകൾ മോഷണം പോയിട്ടില്ലെന്നും ഉദ്ദേശിച്ചത് ഫോട്ടോകോപ്പി പുറത്തു പോയെന്നുമാണെന്ന് എജി കോടതിയെ ബോധ്യപ്പെടുത്തിയത്. കേസ് ഈ മാസം 14-ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അറ്റോർണി ജനറൽ നിലപാട് തിരുത്തിയത്
ദില്ലി: റഫാൽ രേഖകൾ മോഷണം പോയെന്ന വാദം സുപ്രീംകോടതിയിലും പുറത്തും വിവാദമായതോടെ പുലിവാല് പിടിച്ച അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഇന്നലെ നിലപാട് തിരുത്തിയിരുന്നു. റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ അറ്റോർണി ജനറൽ, റഫാൽ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ പുനഃപരിശോധനാഹർജിയിൽ ഉപയോഗിച്ചെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
അറ്റോര്‍ണി ജനറലിന്‍റെ പുതിയ വാദത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്-പ്രതിപക്ഷ നേതാക്കള്‍ അണിനിരക്കുകയാണ്. മോഷണം പോയെന്ന് പറഞ്ഞ രേഖകള്‍ കള്ളന്‍ തിരികെ ഏല്‍പ്പിച്ചോ എന്ന പരിഹാസവുമായാണ് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തിയത്. ബുധനാഴ്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞവര്‍ വെള്ളിയാഴ്ച രേഖകളല്ല, ഫോട്ടോകോപ്പിയാണ് നഷ്ടമായതെന്നാണ് പറയുന്നത്. അങ്ങനയെങ്കില്‍ കള്ളന്‍ മോഷ്ടിച്ച മുതല്‍ വ്യാഴാഴ്ച തിരികെ ഏല്‍പ്പിച്ചുകാണുമെന്നാണ് തോന്നുന്നതെന്ന് ട്രോള്‍ രൂപേണ ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാർച്ച് ആറിന് കേന്ദ്രസർക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചത്. ദ് ഹിന്ദു ദിനപത്രത്തിൽ ചീഫ് എഡിറ്റർ എൻ റാം റിപ്പോർട്ട് ചെയ്ത വാർത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണെന്നും ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നും കെ കെ വേണുഗോപാൽ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനം സുപ്രീംകോടതിയിലും പുറത്തും നേരിടേണ്ടിവന്ന എജി ഇന്നലെ നിലപാട് തിരുത്തുകയായിരുന്നു. രേഖകൾ മോഷണം പോയിട്ടില്ലെന്നും ഉദ്ദേശിച്ചത് ഫോട്ടോകോപ്പി പുറത്തു പോയെന്നുമാണെന്ന് എജി കോടതിയെ ബോധ്യപ്പെടുത്തിയത്. കേസ് ഈ മാസം 14-ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അറ്റോർണി ജനറൽ നിലപാട് തിരുത്തിയത്.
