ദില്ലി: തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണമെന്നും ഐഎന്‍എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരം. ആഹാരത്തിനായി അനുവാദം ചോദിച്ച് അദ്ദേഹം ദില്ലി കോടതിയെ സമീപിച്ചു. 

ഒക്ടോബര്‍ മൂന്നിന് ചിദംബരത്തിന്‍റെ ഈ ഹര്‍ജി കോടതി കേള്‍ക്കും. ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്നത് ഒക്ടോബര്‍ മൂന്നിനാണ്. സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ് മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരം. 

ഐഎന്‍എക്സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 74കാരനായ ചിദംബരത്തിന് സെല്ലില്‍ തലയിണയോ കസേരയോ ഇല്ലെന്ന് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് ചിദംബരത്തിന് പുറംവേദന കൂട്ടുന്നുണ്ടെന്നുമുള്ള അഭിഭാഷകന്‍റെ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടുകയുമായിരുന്നു. 

2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.