മൃതദേഹം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്തിമോപചാരം അർപ്പിച്ചു. ചന്ദ്രമൗലിയുടെ കുടുംബാം​ഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു. 

ബെം​ഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി ജെ. എസ്. ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്തിമോപചാരം അർപ്പിച്ചു. ചന്ദ്രമൗലിയുടെ കുടുംബാം​ഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു. ബംഗളുരുവിൽ താമസിച്ചിരുന്ന ആന്ധ്ര സ്വദേശി മധുസൂദൻ റാവുവിന്റെ കുടുംബാംഗങ്ങളെയും നായിഡു ഫോണിൽ വിളിച്ചു സംസാരിച്ചു. മരിച്ച രണ്ട് ആന്ധ്ര സ്വദേശികളുടെ കുടുംബങ്ങൾക്കും 10 ലക്ഷം വീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.

കൂടാതെ കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇന്നത്തെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. 2 ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം. മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു. ഇന്നലെയാണ് കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഇവർ നാലുപേരും കൊല്ലപ്പെട്ടത്.